ADVERTISEMENT

ന്യൂഡൽഹി ∙ ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ളതും സൗഹാർദ പൂർണവുമായ രാജ്യമായി ഇന്ത്യ മാറിയെന്നു പ്രശംസിച്ച അദ്ദേഹം കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങൾ‍ ഒഴിവാക്കിയതിന് കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദിനെയും അഭിനന്ദിച്ചു.

സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദ്വിദിന ജുഡീഷ്യൽ കോൺഫറൻസ് ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ ഒരാളായ അരുൺ മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ദേശീയതലത്തിലും രാജ്യാന്തര തലത്തിലും ജുഡീഷ്യറി വെല്ലുവിളികൾ നേരിടുന്നത് സാധാരണമാണെന്നും എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ജുഡീഷ്യറിക്കു നിർണായക പങ്കുണ്ടെന്നും അതിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ ജനാധിപത്യം എങ്ങനെ വിജയകരമായി പ്രവർത്തിക്കുന്നുവെന്ന് ലോകം ആശ്ചര്യപ്പെടുകയാണ്.
‘ജുഡീഷ്യറിയും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ സംസാരിച്ച രവിശങ്കർ പ്രസാദ്, ഭീകരർക്കും അഴിമതിക്കാർക്കും സ്വകാര്യതയ്ക്ക് അവകാശമില്ലെന്നും ഇവരെ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ ആൾക്കൂട്ടാധിപത്യ പ്രവണത വർധിച്ചു വരികയാണെന്നും ആഗ്രഹിക്കുന്ന വിധിക്കുവേണ്ടി പ്രചാരണം നടത്തുന്ന പ്രവണത ഇന്ത്യയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിധിന്യായത്തെ വിമർശിക്കുന്നത് സ്വീകാര്യമാണെങ്കിലും ജുഡീഷ്യറിയെ വിമർശിക്കുന്നത് ഉചിതമല്ലെന്നു മന്ത്രി ഓർമിപ്പിച്ചു. ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ജഡ്ജിമാർ, അഭിഭാഷകൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com