ADVERTISEMENT

ന്യൂഡൽഹി ∙ ഇപിഎഫ്ഒ പെൻഷൻകാർക്ക് ഇനി ലൈഫ് സർട്ടിഫിക്കറ്റ് വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഓൺലൈനായി നൽകാം. നൽകുന്ന ദിവസം മുതൽ ഒരു വർഷം കാലാവധിയുണ്ടാകുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കി. പെൻഷൻ ലഭിക്കുന്ന ബാങ്ക് മുഖേനയും ലൈഫ് സർട്ടിഫിക്കറ്റ് നൽകാം.
നിലവിൽ നവംബർ 1 മുതൽ 30 വരെയാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതു പലർക്കും ബുദ്ധിമുട്ടാവുന്നു എന്നതിനാലാണ് പരിഷ്കാരം. പുതിയ സംവിധാനം 64 ലക്ഷം പെ‍ൻഷൻകാർക്ക് ഉപകാരപ്പെടും. നവംബർ 30 വരെ ലൈഫ് സർട്ടിഫിക്കറ്റ് നൽകാത്തവരുടെ പെൻഷൻ ജനുവരി മുതൽ തടസ്സപ്പെടുമായിരുന്നു.

സർക്കാർ പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു നേരത്തേ തന്നെ നിയമമുണ്ട്.
ആധാർ നമ്പർ, പെൻഷൻ ഓർഡർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവയാണ് ഓൺലൈൻ സർട്ടിഫിക്കറ്റിന് ആവശ്യമുള്ളത്. ജനസേവന കേന്ദ്രങ്ങൾ, പെൻഷൻ ലഭിക്കുന്ന ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ ലഭിക്കും.

കോപ്പി ഇപിഎഫ്ഒ ഓഫിസിൽ ഹാജരാക്കേണ്ടതില്ല. ജീവൻ പ്രമാൺ പോർട്ടലിൽ നിന്നും ഉമങ് ആപ്പിൽ നിന്നും സ്വയം സർട്ടിഫിക്കറ്റ് എടുക്കാമെങ്കിലും വിരലടയാളം എടുക്കേണ്ടതിനാൽ സേവന കേന്ദ്രങ്ങളിൽ നിന്ന് എടുക്കുന്നതായിരിക്കും ഉത്തമം.
80 വയസ്സിനു മുകളിലുള്ള പെൻഷൻകാർ എല്ലാ വർഷവും ഒക്ടോബറിനു ശേഷം എപ്പോഴെങ്കിലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്നു കേന്ദ്ര പഴ്സനേൽ മന്ത്രാലയം കഴിഞ്ഞ ജൂലൈയിൽ ഉത്തരവിറക്കിയിരുന്നു.

ഓൺലൈൻ നിരീക്ഷണ സംവിധാനവും വരുന്നു

കൊൽക്കത്ത ∙ തൊഴിലുടമകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഇപിഎഫ്ഒ രാജ്യവ്യാപകമായി ഓൺലൈൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. വിരമിക്കുന്ന ദിവസംതന്നെ പിഎഫ് തുകയും ആനുകൂല്യങ്ങളും നൽകാനാനുള്ള ശ്രമത്തിലാണെന്ന് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ സുനിൽ ബർത്‌വൽ പറഞ്ഞു. പരമാവധി ആനുകൂല്യം ലഭിക്കാൻ യൂണിവേഴ്സൽ അക്കൗണ്ട് നമ്പരും (യുഎഎൻ) ആധാറുമായി ലിങ്ക് ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com