ADVERTISEMENT

ന്യൂഡൽഹി ∙ കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി വിനയ് ശർമ നൽകിയ ഹർജി പട്യാല ഹൗസ് കോടതി തള്ളി. 4 പ്രതികൾക്കും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്നു കോടതി നിർദേശം നൽകി.

ശർമയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇയാളുടെ പരുക്കുകൾ സ്വയം മുറിവേൽപ്പിച്ചുണ്ടായതാണെന്നും പ്രതിക്കു മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നും തിഹാർ ജയിൽ അധികൃതർ കോടതിയിൽ വ്യക്തമാക്കി. ബാരക്കിലെ സിസിടിവി ദൃശ്യങ്ങളിൽ കുറ്റവാളി സ്വയം പരിക്കേൽപ്പിച്ചുവെന്ന് വ്യക്തമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയ തിഹാർ അധികൃതർ ഈ ദൃശ്യങ്ങളും സമർപ്പിച്ചു.

വിനയ് ശർമയ്ക്ക് അമ്മയെപ്പോലും തിരിച്ചറിയാനാകുന്നില്ലെന്നും സ്കിസോഫ്രീനിയ ആണെന്നും ചികിത്സ നൽകണമെന്നും അഭിഭാഷകൻ എ.പി. സിങ് വാദിച്ചെങ്കിലും ഈ രോഗം ജയിൽ ഡോക്ടർമാർ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയെ കൗൺസലിങ്ങിന് വിധേയനാക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു ജയിൽ കൗൺസിലർമാർ ഇടപെടുന്നുണ്ടെന്നായിരുന്നു വിശദീകരണം.

വാദിക്കുന്നതിനിടെ എ.പി.സിങ് കരഞ്ഞു. തുടർന്നു ജഡ്ജി ധർമേന്ദർ റാണ അദ്ദേഹത്തിന് വെള്ളം നൽകി. നിർഭയക്കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരെ മാർച്ച് 3നു തൂക്കിക്കൊല്ലണമെന്നാണ് വാറന്റ്. പവൻ ഗുപ്ത ഒഴികെ ബാക്കി പ്രതികളുടെയെല്ലാം നിയമ വഴികൾ അവസാനിച്ചു കഴിഞ്ഞു. പവൻ ദയാഹർജി ഇതുവരെ സമർപ്പിച്ചിട്ടില്ല.

അഭിഭാഷകനെ കാണാതെ പവൻ

ന്യൂഡൽഹി ∙ അഭിഭാഷകനെ കാണാൻ വിസമ്മതിച്ച് പവൻ ഗുപ്ത. നേരത്തെ അഭിഭാഷകനായിരുന്ന എ.പി. സിങ് കേസ് ഒഴിഞ്ഞതോടെയാണു കോടതി രവി ഖ്വാസി എന്ന അഭിഭാഷകനെ നിയമിച്ചത്. എന്നാൽ പവൻ ഗുപ്തയെ കാണാൻ പല തവണ ബന്ധപ്പെട്ടെന്നും ആവശ്യം നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com