ADVERTISEMENT

ബെയ്ജിങ് ∙ ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ആ‍ഡംബരക്കപ്പലിലെ ഇന്ത്യക്കാരായ 4 പേർക്കു കൂടി കോവിഡ് 19 (കോറോണ വൈറസ്) രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ രോഗബാധിതരായ ഇന്ത്യക്കാർ 12 ആയി. 138 ഇന്ത്യക്കാർ ഉൾപ്പെടെ 3,711 പേരാണ് കപ്പലിലുള്ളത്.

കപ്പൽ വിട്ട ഒരാൾ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണം 4 ആയി. വീട്ടിലേക്കു മടങ്ങിയ ജാപ്പനീസ് യുവതിയാണ് മരിച്ചത്. രോഗബാധയില്ലെന്നു കണ്ടു കപ്പലിൽനിന്നു  വിട്ടയച്ച 23 യാത്രക്കാർക്കു പിന്നീട് രോഗം സ്ഥീരീകരിച്ചതു പരിഭ്രാന്തിയുയർത്തി. നിശിത പരിശോധന നടത്താതെ ഇവരെ വിട്ടയച്ചതിന് ആരോഗ്യമന്ത്രി ക്ഷമാപണം നടത്തി.

അതിനിടെ, ചൈനയിൽ വുഹാനിലെ വനിതാ ഡോക്ടർ ഉൾപ്പെടെ 97 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 2,442 ആയി. രോഗബാധ സ്ഥിരീകരിച്ച കേസുകൾ 76,936. രോഗം  ബാധിച്ചു  മരിച്ച  ആരോഗ്യ പ്രവർത്തകർ  പത്തായി.   നാൻജിങ്ങിൽ   മാർച്ച്   13നു   നടത്താനിരുന്ന   ലോക   അത്‌ലറ്റിക്സ്   ഇൻഡോർ      ചാപ്യൻഷിപ്പ്   മാറ്റിവച്ചു.

2 പേർ കൂടി മരിക്കുകയും ഒരാഴ്ച കൊണ്ട് രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ദക്ഷിണ കൊറിയ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 123 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് 602 പേർക്കു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 5.

ഇറാനിലും കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തി. 5 പേർ കൂടി മരിച്ചതോടെ ആകെ മരണം 8 ആയി. 14 പ്രവിശ്യകളിലെ സ്കൂളുകളും സർവകലാശാലകളും സാംസ്കാരിക കേന്ദ്രങ്ങളും അടയ്ക്കാൻ ഉത്തരവിട്ടു

ഇറ്റലിയിൽ 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണം സ്ഥിരീകരിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യമായി. നൂറിലേറെ പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മിലാനു സമീപം 11 പട്ടണങ്ങളിലെ അര ലക്ഷത്തിലേറെ പേരോടു വീട്ടിലിരിക്കാൻ അധികൃതർ നിർദേശിച്ചു.

കോവിഡ് ബാധിച്ചത് 80,000 പേർക്ക്

∙ ലോകമെമ്പാടും 80,000 ത്തോളം ആളുകൾക്കു കോവിഡ് 19 രോഗം ബാധിച്ചെന്നാണ് ഒടുവിലത്തെ കണക്ക്. കൂടുതൽ മരണവും ചൈനയിൽ തന്നെ. പുതിയ കണക്ക് ഇങ്ങനെ:

∙ ചൈന: രോഗം ബാധിച്ചവർ – 76,936, മരണം– 2,442

∙ ഹോങ്കോങ്: 69, മരണം –2

∙ ജപ്പാൻ: കപ്പലിലെ 634 

പേരടക്കം 769. മരണം–3

∙ ദക്ഷിണ കൊറിയ: 602, 

മരണം–5

∙ യുഎസ്: 35; ഒരു യുഎസ് 

പൗരൻ ചൈനയിൽ മരിച്ചു

∙ ഇറാൻ: 28 , മരണം–8

∙ തയ്‌വാൻ: 26, മരണം–1

∙ ഫ്രാൻസ്: 12 , മരണം–1

∙ ഫിലിപ്പീൻസ്: 3 ,  മരണം –1

കേരളത്തിൽ 127 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം ∙ കോവിഡ്–19 രോഗബാധയെത്തുടർന്നു കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 127 പേർ. ഇവരിൽ 122 പേർ വീടുകളിലും 5 പേർ ആശുപത്രികളിലും കഴിയുന്നു. 

സംശയാസ്പദമായ 444 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 436 ന്റെയും ഫലം നെഗറ്റീവ് ആണ്. ശേഷിക്കുന്ന ഫലം ഉടൻ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com