ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ജാഫറാബാദ്, മൗജ്പുർ എന്നിവിടങ്ങളിൽ ഞായറാഴ്ചയുണ്ടായ സംഘർഷമാണ് ഇന്നലെ വിവിധയിടങ്ങളിൽ ചേരിതിരഞ്ഞുള്ള കല്ലേറിലേക്കും അക്രമത്തിലേക്കും വഴിമാറിയത്. സീലംപുർ, മൗജ്പുർ, ഗൗതംപുരി, ഭജൻപുര, ചാന്ദ്ബാഗ്, മുസ്തഫബാദ്, വസീറാബാദ്, ശിവ്്‌വിഹാർ തുടങ്ങിയ വടക്കു കിഴക്കൻ ഡൽഹി പ്രദേശങ്ങളിൽ കടുത്ത സംഘർഷാവസ്ഥയാണു നിലനിൽക്കുന്നത്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ബന്ദ് ആഹ്വാനം ഏറ്റെടുത്താണു ജാഫറാബാദ് മെട്രോ സ്റ്റേഷനു മുന്നിൽ സീലംപുരിൽ നിന്നു മൗജ്പുരിലേക്കും യമുനാ വിഹാറിലേക്കും പോകുന്ന 66–ാം നമ്പർ റോഡിൽ ഞായറാഴ്ച പുലർച്ചെ മുതൽ സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള പൗരത്വ നിയമ അനുകൂലികൾ പ്രകടനം നടത്തിയതു സംഘർഷത്തിനു വഴിതുറന്നു.

ഇന്നലെ രാവിലെ മുതൽ പല സ്ഥലത്തും സംഘർഷാവസ്ഥ രൂപപ്പെട്ടു. പൗരത്വ നിയമ പ്രതിഷേധക്കാർക്കു നേരെ പലയിടത്തും കല്ലേറുണ്ടായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. ചിലർ ‘ജയ് ശ്രീറാം’ വിളികളോടെ ആക്രമണം അഴിച്ചുവിടുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ഡോണൾഡ് ട്രംപ് ഡൽഹിയിലുള്ളതിനാൽ അതീവ ജാഗ്രതയോടെയാണു കേന്ദ്രം സംഭവങ്ങളെ കാണുന്നത്. ആസൂത്രിത അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്നായിക്കിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇരുപക്ഷങ്ങളുമായി തുടർച്ചയായി ചർച്ച നടത്തുന്നുണ്ടെന്നും ഡിസിപി വേദ് പ്രകാശ് സൂര്യ പ്രതികരിച്ചു. അതേസമയം, അക്രമത്തെ അപലപിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ‘സമാധാനപരമായ പ്രതിഷേധങ്ങൾ നല്ല ജനാധിപത്യത്തിന്റെ ലക്ഷമാണ്. എന്നാൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. ഏതു തരം പ്രകോപനമുണ്ടായാലും സമചിത്തതയോടെ പ്രതികരിക്കാൻ ഡൽഹിക്കാർ ശ്രമിക്കണം’– അദ്ദേഹം പറഞ്ഞു.

സംഘർഷത്തിലേക്കു നയിച്ചത് ബിജെപി നേതാവിന്റെ പ്രസംഗം

ന്യൂഡൽഹി ∙ ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപനപരമായ പ്രസംഗമാണു സംഘർഷത്തിലേക്കു വഴിതുറന്നതെന്ന് ആക്ഷേപം. ജാഫറാബാദ് ഉൾപ്പെടെയുള്ള റോഡുകളിൽ പ്രതിഷേധിക്കുന്നവരെ ഉടൻ ഒഴിപ്പിക്കണമെന്ന് അദ്ദേഹം ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 3 ദിവസത്തിനുള്ളിൽ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കിൽ തങ്ങൾ പൊലീസിന്റെ വാക്കുകൾക്കു ചെവികൊടുക്കില്ലെന്നായിരുന്നു ഭീഷണി.

‘പ്രതിഷേധക്കാർ ഡൽഹിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്. ട്രംപ് ഇന്ത്യയിലുള്ളതു വരെ ഞങ്ങൾ ക്ഷമിക്കും. പൊലീസിനോട് എനിക്ക് പറയാനുള്ളതും അതു തന്നെയാണ്’– ഞായറാഴ്ച മൗജ്പുർ ട്രാഫിക് സിഗ്നലിനു സമീപം പൗരത്വ നിയമ അനുകൂലികളുടെ റാലിയിൽ മിശ്ര പറഞ്ഞു.
ഡിസിപി വേദ് പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു കപിൽ മിശ്രയുടെ പ്രകോപനം.

ഷഹീൻ ബാഗ് റിപ്പോർട്ട് നാളെ പരിഗണിക്കും

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ സമരം നടത്തുന്നവരുമായി നടത്തിയ ചർച്ചയുടെ റിപ്പോർട്ട് അഭിഭാഷക സമിതി രഹസ്യരേഖയായി സുപ്രീം കോടതിക്കു നൽകി. ജ‍ഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് കേസ് നാളെ പരിഗണിക്കാൻ മാറ്റി.

റിപ്പോർട്ടിന്റെ പകർപ്പ് ഉടൻ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com