ADVERTISEMENT

ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൊഴുപ്പിക്കാൻ പണം വാരിയെറിഞ്ഞ് ഗുജറാത്ത് സർക്കാർ. അഹമ്മദാബാദിൽ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകൾക്കായി അനൗദ്യോഗിക കണക്കുകൾ പ്രകാരം 85 കോടി രൂപയാണു സർക്കാർ ചെലവഴിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനുള്ള വാർഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടി !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുള്ള ഫ്ലെക്സുകളാണു നഗരത്തിലെങ്ങും. ചേരി പ്രദേശങ്ങളടക്കം നഗരത്തിന്റെ ദൈന്യമുഖം ട്രംപിൽനിന്നു കെട്ടിമറച്ച്, മിനുക്കിയ മുഖം മാത്രം പുറത്തുകാട്ടി നിൽക്കുകയാണു നഗരം.

മകൾ ഇവാൻകയും മരുമകൻ ജാറെദ് കഷ്നറും ഉപദേഷ്ടാക്കളും ഉൾപ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്.

മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഇന്നലെ മുതൽ യുഎസ് സംഘം ഏറ്റെടുത്തു.

ട്രംപ് സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ സ്കൂളുകൾക്കും ഓഫിസുകൾക്കും ഇന്ന് അവധി നൽകി. റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തിലും ആളുകളെ നിറയ്ക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ്. ഇതിനിടെ, സ്റ്റേഡിയത്തിനു മുന്നിൽ സ്ഥാപിച്ച താൽക്കാലിക കവാടം ഇന്നലെ രാവിലെ ശക്തമായ കാറ്റിൽ തകർന്നു വീണത് സംഘാടകർക്കു തലവേദനയായി. പകരം കവാടം ഇന്ന് സജ്ജമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വർഷാവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസിലെ ഗുജറാത്തി സമൂഹത്തെ ഒപ്പം നിർത്താൻ കൂടി ലക്ഷ്യമിട്ടാണു സന്ദർശനത്തിന്റെ തുടക്കം അഹമ്മദാബാദിലാക്കാൻ ട്രംപ് തീരുമാനിച്ചത്.

trump-bahubali

ബാഹുബലിയായി ഡോണൾഡ് ട്രംപ്

ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപ് ബാഹുബലിയായി സ്വയം വിശേഷിപ്പിച്ച് ട്രംപിന്റെ ‘മോർഫ് ഷോ’യും. ബാഹുബലി–2 സിനിമയിലെ ഗാനരംഗത്ത് നായകൻ പ്രഭാസിന്റെ സ്ഥാനത്ത് ട്രംപിന്റെ മുഖം ചേർത്ത് മോർഫ് ചെയ്ത വിഡിയോ ‘സോൾ’ എന്ന അക്കൗണ്ടിൽനിന്ന് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു. ഇതു ട്രംപ് റീട്വീറ്റ് ചെയ്തു. ഇന്ത്യയിലെ തന്റെ ഉറ്റസുഹൃത്തുക്കളെ കാണാൻ കാത്തിരിക്കുന്നുവെന്ന കുറിപ്പും ചേർത്തു.

81 സെക്കൻഡ് ഗാനരംഗത്ത് രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമിയുടെ സ്ഥാനത്ത് ട്രംപിന്റെ ഭാര്യ മെലനിയയുടെ മുഖമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭാര്യ യശോദ, ട്രംപിന്റെ മകൾ ഇവാൻക, മരുമകൻ ജാറെദ് കഷ്നർ എന്നിവരും പ്രത്യക്ഷപ്പെടുന്നു. 

ആദ്യമെത്തിയത് ഐസനോവർ

ന്യൂഡൽഹി ∙ ഇന്ത്യാ പര്യടനത്തിന് ആദ്യമെത്തിയത് 1959ലെ യുഎസ് പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസനോവർ. 

തുടർന്ന് റിച്ചഡ് നിക്സൺ, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവരുമെത്തി.

എട്ടാം തവണത്തെ പ്രസിഡന്റായാണ് ട്രംപ് എത്തുന്നതെങ്കിലും ഒബാമ 2 തവണ വന്നതിനാൽ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ യുഎസ് പ്രസിഡന്റായി ട്രംപിനെ കണക്കാക്കാം

യുഎസ് പ്രസിഡന്റുമാരുടെ സന്ദർശനവും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിമാരും

1– ഐസനോവർ ഡിസംബർ 9–14, 1959 (ജവാഹർലാൽ നെഹ്റു)

2– റിച്ചഡ് നിക്സൺ ജൂലൈ 31– ഓഗസ്റ്റ് 1, 1969 (ഇന്ദിരാ ഗാന്ധി)

trump-cartoon

3– ജിമ്മി കാർട്ടർ– ജനുവരി 1– 3, 1978 (മൊറാർജി ദേശായി)

4– ബിൽ ക്ലിന്റൻ മാർച്ച് 19-25, 2000 (അടൽ ബിഹാരി വാജ്പേയി)

5– ജോർജ് ഡബ്ല്യു. ബുഷ് മാർച്ച് 1-3, 2006 (മൻമോഹൻ സിങ്)

6– ബറാക് ഒബാമ– നവംബർ 6–9, 2010 (മൻമോഹൻ സിങ്)

7– ബറാക് ഒബാമ–ജനുവരി 24-27, 2015 (നരേന്ദ്ര മോദി)

അഴകേകാൻ കഥകളിയും മോഹിനിയാട്ടവും

അഹമ്മദാബാദ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ അണിനിരക്കുന്ന കലാരൂപങ്ങളിൽ കേരളത്തിൽ നിന്നു കഥകളിയും മോഹിനിയാട്ടവും. അഹമ്മദാബാദ് മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് സംഘമാണു ട്രംപ് റോഡ് ഷോയ്ക്കൊപ്പം കലാരൂപങ്ങൾ അവതരിപ്പിക്കുക. 28 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ അരങ്ങേറും.

trump-mohini
ട്രംപിനെ വരവേൽക്കാൻ റോഡ് ഷോയ്ക്കൊപ്പം അണിനിരക്കുന്നതിനായി, അഹമ്മദാബാദ് മുദ്ര സ്കൂൾ ഒാഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിലെ മലയാളി സംഘം റിഹേഴ്സൽ നടത്തുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ അനന്ത് മേനോൻ, സഹോദരി അപർണ എന്നിവരാണു മുദ്രയ്ക്കു നേതൃത്വം നൽകുന്നത്. മുൻപ് ജപ്പാൻ, ഇസ്രയേൽ പ്രധാനമന്ത്രിമാർ അഹമ്മദാബാദ് സന്ദർശിച്ചപ്പോഴും ഇവർ കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നു.

മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ ചടങ്ങിലേക്ക് മുൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്കർ, സൗരവ് ഗാംഗുലി, നടൻ അമിതാഭ് ബച്ചൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ എന്നിവർക്കു ക്ഷണമുണ്ട്.

ട്രംപ് വന്നാൽ ഇന്ത്യയ്ക്ക് എന്തു നേട്ടമെന്ന് ഉദ്ധവ് താക്കറെ

മുംബൈ ∙ യുഎസ് പ്രസിഡന്റിന്റെ സന്ദർശനം കൊണ്ട് ഇന്ത്യ വൻ ശക്തിയായി മാറുന്നത് എങ്ങനെയെന്ന ചോദ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്, ഹൃദയത്തിന്റെ ഭാഷയല്ല സംസാരിക്കുന്നതെന്ന രീതിയിൽ പരോക്ഷവിമർശനവും നടത്തി. 

പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതിന്റ പിറ്റേന്നാണ് ഉദ്ധവിന്റെ ഒളിയമ്പ്. മുൻ മുഖ്യമന്ത്രി എ.ആർ. ആന്തുലെയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഉദ്ധവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com