ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ ഡൽഹിയിലും ഉത്തർപ്രദേശിലെ അലിഗഡിലും തെരുവുയുദ്ധം. ഡൽഹിയിലെ ജാഫറാബാദിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ കല്ലും കുപ്പിയുമായി ഏറ്റുമുട്ടി. പൊലീസിനു നേരെയും കല്ലേറുണ്ടായി. ജാഫറാബാദ് മെട്രോ സ്റ്റേഷനു സമീപമുള്ള റോഡ് സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ ഉപരോധിച്ചതോടെ മെട്രോ സ്റ്റേഷൻ അടച്ചിട്ടു. 

അലിഗഡിലെ ഓൾഡ് സിറ്റിയിൽ മുഹമ്മദലി റോഡ് ഉപരോധിച്ച വനിതാ സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമം സംഘർഷത്തിൽ കലാശിച്ചു. വ്യാപാര സ്ഥാപനങ്ങൾക്കു നേരെ അക്രമവും കല്ലേറുമുണ്ടായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജനക്കൂട്ടം വൈദ്യുതി ട്രാൻസ്ഫോമറിന് തീയിട്ടു. സംഘർഷത്തിനു തൊട്ടുമുൻപ് ഭീം ആർമിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും അക്രമം അനുവദിക്കില്ലെന്നും അലിഗഡ് എസ്എസ്പി രാജ്‍മുനി പറഞ്ഞു. 

ജാഫറാബാദിൽ ശനിയാഴ്ച രാത്രിയാണു സ്ത്രീകളുടെ വൻ സംഘം റോഡ് ഉപരോധിച്ച് സമരം തുടങ്ങിയത്. രാവിലെ ജാഫറാബാദ് മെട്രോ സ്റ്റേഷൻ അടച്ചു. വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. ദേശീയ പതാകയുമായാണു ജാഫറാബാദിൽ സമരക്കാർ റോഡ് ഉപരോധിക്കുന്നത്. 

ഇതിനിടെ, ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ സമീപം മൗജ്പുരിൽ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും സംഘടിച്ചു. താമസിയാതെ ഇരുകൂട്ടരും ഏറ്റുമുട്ടി. പൊലീസിനു നേരെയും കല്ലേറുണ്ടായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം പൂർത്തിയാവുന്നതുവരെ കാത്തിരിക്കുമെന്നും അതിനു ശേഷവും സമരം തുടർന്നാൽ സ്ഥിതി വഷളാവുമെന്നും കപിൽ മിശ്ര ഭീഷണി മുഴക്കി. 

പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന സമരവും ശക്തമായി തുടരുകയാണ്. സമരം കാരണം 2 മാസമായി അടച്ചിട്ടിരിക്കുന്ന 9–ാം നമ്പർ റോഡ് സമരക്കാരിൽ ചിലർ തുറന്നെങ്കിലും താമസിയാതെ വീണ്ടും അടച്ചു.

ഷഹീൻ ബാഗ്: മധ്യസ്ഥർ റിപ്പോർട്ട് നൽകി

പൗരത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരം സമാധാനപരമെന്ന് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരിൽ ഒരാളായ മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വജാഹത്ത് ഹബീബുല്ല സുപ്രീം കോടതിയെ അറിയിച്ചു. കോടതി ഇന്ന് വിഷയം പരിഗണിക്കാനിരിക്കെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, സാമൂഹിക പ്രവർത്തകൻ സയ്യിദ് ബഹാദുർ അബ്ബാസ് നഖ്‍വി എന്നിവരും ഇക്കാര്യം വ്യക്തമാക്കി കോടതിയിൽ സത്യവാങ്മൂലം നൽകി.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് ഗതാഗത തടസ്സത്തിനു കാരണം. പാക്കിസ്ഥാനികളെന്നും തീവ്രവാദികളെന്നും വിളിച്ച് രാജ്യസ്നേഹികളായ ഒരു വിഭാഗത്തെ നിരന്തരം ആക്ഷേപിക്കുകയാണ്. ഇത് അവരെ ഏറെ വേദനിപ്പിക്കുന്നു. പൗരത്വ നിയമം സംബന്ധിച്ച് തങ്ങളുടെ പരാതികൾ കേൾക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്ന് സമരക്കാർക്ക് പരാതിയുണ്ടെന്നും വജാഹത്ത് ഹബീബുല്ല കോടതിയെ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com