ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിൽ സർക്കാർ നൽകിയ ഭൂമിയിൽ പള്ളിക്കു പുറമേ ഇന്ത്യ– ഇസ്‌ലാമിക് ഗവേഷണ കേന്ദ്രം, ആശുപത്രി, ലൈബ്രറി എന്നിവ കൂടി നിർമിക്കാൻ യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് തീരുമാനിച്ചു. ഇതിനായി ട്രസ്റ്റ് രൂപവൽക്കരിക്കുമെന്ന് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു.
ആശുപത്രിയിൽ പാവപ്പെട്ടവർക്ക് സൗജന്യ സേവനം നൽകും. ഭൂമി ഏറ്റെടുക്കരുതെന്ന ചിലരുടെ ആവശ്യത്തിനു പ്രസക്തിയില്ലെന്ന് ചെയർമാൻ പറഞ്ഞു. പള്ളിക്കു പകരം ആശുപത്രി മാത്രം മതിയെന്നും നിർദേശമുയർന്നിരുന്നു. എന്നാൽ അഞ്ചേക്കറിൽ പള്ളിയും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്താനാണു യോഗം തീരുമാനിച്ചത്. ട്രസ്റ്റിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നു വൈകാതെ തീരുമാനിക്കും.

അയോധ്യ– ലക്നൗ ഹൈവേയിൽ അയോധ്യ നഗരത്തിൽ നിന്ന് 18 കിലോമീറ്റർ അകലെ ധന്നിപുരിലാണ് പള്ളിക്കായി 5 ഏക്കർ നൽകിയിരിക്കുന്നത്. ഗോതമ്പു പാടങ്ങൾ നിറഞ്ഞ ഈ പ്രദേശത്തെ ഷഹ്ഗാദ ഷാ റഹ്മത്തുല്ല അലി ദർഗ തീർഥാടന കേന്ദ്രമാണ്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമാണിത്.

ധന്നിപുരിൽ പള്ളി പണിയുന്നതിനോട് ബാബറി മസ്ജിദ് ആക്‌ഷൻ കമ്മിറ്റിക്ക് യോജിപ്പില്ലെന്നു വ്യക്തമാക്കിയിരുന്നു. അയോധ്യ നഗരത്തിനു പുറത്തുള്ള സ്ഥലം കൊടുത്തുവെന്നാണ് പ്രതിഷേധത്തിനു കാരണം. എന്നാൽ കോടതി വിധി പ്രകാരം അനുവദിച്ച സ്ഥലം വാങ്ങാതിരിക്കുന്നതിൽ അർഥമില്ലെന്നാണ് സുന്നി ബോർഡിന്റെ നിലപാട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com