ADVERTISEMENT

ആഗ്ര ∙ വെട്ടിയൊതുക്കി മനോഹരമാക്കിയ പുൽത്തകിടിക്കരികിലൂടെ, ജലധാരകളുടെയും സായാഹ്നക്കാറ്റിന്റെയും ശീതളിമയിൽ നടന്ന് താജ്മഹലിന്റെ മാസ്മരിക സൗന്ദര്യം ആസ്വദിക്കുമ്പോൾ ഡോണൾഡ് ട്രംപ് ഭാര്യ മെലനിയയുടെ കരം പിടിച്ചു. അനുരാഗത്തോടെ കൈവിരലുകൾ കോർത്തു. 

അസ്തമനത്തിനു തയാറെടുക്കുന്ന സൂര്യന്റെ പ്രഭ നുകർന്നുകൊണ്ട്, സന്ദർശക പുസ്തകത്തിൽ ട്രംപ് കുറിച്ചു: ഈ സൗധം വിസ്മയിപ്പിക്കുന്നതു തന്നെ! ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പാരമ്പര്യത്തിന്റെ കാലാതീതമായ മുദ്ര. ഇന്ത്യയ്ക്കു നന്ദി.  

ഭാര്യ മുംതാസിനോടുള്ള പ്രേമമുദ്രയായി ഷാജഹാൻ ചക്രവർത്തി 17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മനോഹരസൗധം കണ്ടു വിസ്മയിച്ച് 2 പേർ കൂടി വന്നിരുന്നു: ട്രംപിന്റെ മകൾ മെലനിയയും അവരുടെ ഭർത്താവ് ജാറെദും. മനോഹരമായ ഒരിടത്തെത്തിയപ്പോൾ മെലനിയ സ്വന്തം ഫോൺ കൈമാറി ഫോട്ടോയെടുത്തു തരാൻ ആവശ്യപ്പെട്ടു. 

ഏതാണ്ട് ഒരു മണിക്കൂറാണ് ട്രംപ് കുടുംബം താജ്മഹലിൽ ചെലവഴിച്ചത്. അറ്റ്ലാന്റിക് സിറ്റിയിൽ പണ്ടു ട്രംപിനുണ്ടായിരുന്ന കാസിനോയുടെ പേര് താജ്മഹൽ എന്നായിരുന്നു. 

ട്രംപിനും മെലനിയയ്ക്കും ഒപ്പം നടന്നു താജിന്റെ വിശദാംശങ്ങൾ പറഞ്ഞുകൊടുക്കാനുള്ള ഗൈഡിനെ കണ്ടെത്തിയത് പല ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു. താജ് പരിസരത്തിന്റെ മുഖം മിനുക്കാനായി തൊഴിലാളികളുടെ വലിയൊരു സംഘം പണിയെടുത്തു. പ്രണയകുടീരത്തിനു പിന്നിലൂടെ ഒഴുകുന്ന യമുനയിലേക്കു കൂടുതൽ വെള്ളം ഒഴുക്കിവിട്ടു മാലിന്യം കുറച്ചത് ഉൾപ്പെടെ വലിയ തോതിലുള്ള പുനരുദ്ധാരണമാണു നടന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com