ADVERTISEMENT

ന്യൂഡൽഹി ∙ സഭാനടപടികൾ നിർത്തിവച്ച് ഡൽഹി കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നലെയും തടസ്സപ്പെട്ടു. ലോക്സഭയിൽ ബിജെപി അംഗങ്ങളും പ്രതിപക്ഷവും തമ്മിലുള്ള പോർവിളി വീണ്ടും കയ്യാങ്കളിയോളമെത്തി.
കലാപത്തെക്കുറിച്ചു ഹോളി ആഘോഷത്തിനുശേഷം 11ന് ചർച്ച ചെയ്യാമെന്നു ലോക്സഭാ സ്പീക്കർ അറിയിച്ചതോടെയാണ് രണ്ടാംദിവസവും സഭയിൽ ബഹളമുണ്ടായത്.

രാവിലെ ചോദ്യോത്തരവേള ഇതുമൂലം തടസ്സപ്പെട്ടിരുന്നു.
ചർച്ചയ്ക്കു തയാറാണെന്നും ചോദ്യോത്തര വേളയ്ക്കു ശേഷം എപ്പോഴെങ്കിലും വിഷയം ചർച്ച ചെയ്യാമെന്നുമാണ് മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചത്. എപ്പോൾ ചർച്ച നടത്തുമെന്ന് വ്യക്തമാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അത് സ്പീക്കർ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ ബഹളമായി.

സഭ നിർത്തിവച്ചു. 12നു വീണ്ടും ചേർന്നപ്പോഴും ബഹളമുണ്ടായതിനെത്തുടർന്ന് ഉച്ചയ്ക്കു ചേർന്നപ്പോഴാണ് ഹോളിക്കു ശേഷം ചർച്ചയെന്നു സ്പീക്കർ വ്യക്തമാക്കിയത്.

ഉച്ചയ്ക്ക് പേപ്പറുകൾ മേശപ്പുറത്തു വച്ചതിനു ശേഷം ഡൽഹി വിഷയം ചർച്ച ചെയ്യാമെന്നു സർവകക്ഷി യോഗത്തിൽ സ്പീക്കർ സമ്മതിച്ചതാണെന്ന് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. ബഹളം വകവയ്ക്കാതെ സ്പീക്കർ ബാങ്കിങ് നിയന്ത്രണ ബിൽ അവതരിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമനെ വിളിച്ചു. ബഹളത്തിനിടെ നിർമല ബിൽ അവതരിപ്പിച്ചു. യുപിഎ, തൃണമൂൽ, എസ്പി, ബിഎസ്പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ടിഎംസിയുടെ മഹുവ മൊയ്ത്ര ബിൽ കീറി ചുരുട്ടി സ്പീക്കർക്കു നേരെയെറിഞ്ഞു.

ടി.എൻ. പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ, എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, തോമസ് ചാഴികാടൻ, രമ്യ ഹരിദാസ്, ഗൗരവ് ഗൊഗോയ്, വസന്തകുമാർ തുടങ്ങിയവർ സ്പീക്കർക്കു മുൻപിലെത്തി അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു.
ഇതിനിടെ, അധീർ രഞ്ജൻ ഭരണപക്ഷത്തിനു മുൻപിലൂടെ സ്പീക്കർക്കു മുൻപിലെത്തി. അതോടെ ബംഗാളിൽ നിന്നുള്ള ബിജെപി വനിതാ അംഗം ലോക്കറ്റ് ചാറ്റർജി തടയാൻ ശ്രമിച്ചു. മറ്റു ബിജെപി എംപിമാരും ക്ഷുഭിതരായി പാഞ്ഞെത്തി.

അധീറിനു പിന്നാലെ രമ്യയും അപ്പുറത്തെത്തിയതോടെ ബിജെപിയുടെ വനിതാ എംപിമാർ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ എത്തി. രമ്യയും ബിജെപിയുടെ സംഗീത സിങ് ദേവും തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടന്നു. സംഘർഷം വർധിച്ചപ്പോൾ സഭാ നടപടികൾ രേഖപ്പെടുത്തുന്നവരുടെ കസേരകൾ മറിഞ്ഞു വീണു. അധീറിനെ നേരിടാൻ എത്തിയ ബിജെപിയുടെ ജഗദംബിക പാലിനെ പ്രേമചന്ദ്രനും ഡാനിഷ് അലിയും ചേർന്നു തടഞ്ഞു നിർത്തി. ബഹളം മൂർഛിച്ചപ്പോൾ സഭ നിർത്തി വച്ച് സ്പീക്കർ ചെയർവിട്ടു. ബഹളത്തിനിടെ ആദായനികുതി തർക്കം ഒറ്റത്തവണ തീർപ്പാക്കലിനുള്ള വിവാദ് സെ വിശ്വാസ് ബില്ലിന്റെ ഏതാനും ഭേദഗതികൾ സഭ പാസാക്കി.

ബഹളത്തിനിടെ ലോക്സഭാ സെക്രട്ടറി ജനറൽ ഇരിക്കുന്ന ക്യുബിക്കിളിന്റെ വാതിൽ ടി.എൻ.പ്രതാപനും അഖിലേഷ് യാദവും വലിച്ചടച്ച് ശബ്ദമുണ്ടാക്കിയതിനെതിരെ സ്മൃതി ക്ഷുഭിതയായി. പ്രതാപനെ സംരക്ഷിക്കാനെത്തിയ കൊടിക്കുന്നിൽ സുരേഷും സ്മൃതിയും തമ്മിലും വാക്കേറ്റമുണ്ടായി.

രാജ്യസഭയിലും ബഹളം

∙ ബഹളം മൂലം രാജ്യസഭ 2 തവണ നിർത്തിവച്ചിട്ടും നടപടികൾ തുടരാൻ പ്രതിപക്ഷം അനുവദിച്ചില്ല. ലോകം മുഴുവൻ ഡൽഹി കലാപം ചർച്ച ചെയ്യുമ്പോൾ ഇന്ത്യൻ പാർലമെന്റ് ഇതു ചർച്ച ചെയ്യുന്നില്ലെന്നത് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ചർച്ചയ്ക്ക് സർക്കാർ തയാറാണെന്ന് മന്ത്രി തവർ ചന്ദ് ഗെലോട്ട് പറഞ്ഞു. 

ബുധനാഴ്ച 11ന് ഇതു ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡുവുമായി ചർച്ച ചെയ്യാതെ പറ്റില്ലെന്ന് ഉപാധ്യക്ഷൻ ഹരിവംശ് പറഞ്ഞു. തുടർന്ന് വീണ്ടും ബഹളമായപ്പോൾ സഭ പിരിഞ്ഞു. 

ചർച്ചയ്ക്ക് വഴങ്ങുംവരെ പ്രക്ഷോഭം: കോൺഗ്രസ് 

ന്യൂഡൽഹി ∙ ലോക്സഭയിൽ ഡൽഹി കലാപം സംബന്ധിച്ചു ചർച്ച നടത്തണമെന്ന ആവശ്യത്തിനു കേന്ദ്ര സർക്കാർ വഴങ്ങുംവരെ പ്രക്ഷോഭം തുടരാൻ കോൺഗ്രസ്. 

ഇന്നലെ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണു തീരുമാനം. ഹോളിക്കു ശേഷം ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം തള്ളിയ കോൺഗ്രസ്, ഇന്നും പ്രക്ഷോഭം തുടരും. 

കലാപത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നു വിലയിരുത്തുന്ന കോൺഗ്രസ്, വരും ദിവസങ്ങളിലും ആവശ്യത്തിൽ ഉറച്ചു നിൽക്കും.ചർച്ച നടക്കും വരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് എംപിമാർക്കു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ലോക്സഭയിലെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ഇന്നു രാവിലെയും യോഗം ചേരും. 

അധീറിന്റെ  വീടിന് നേരെ ആക്രമണം

ന്യൂഡൽഹി ∙ ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വീടിനു നേരെ ആക്രമണം. ഇന്നലെ വൈകിട്ട് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ 4 പേർ അധീറിന്റെ ഓഫിസ് ജീവനക്കാരെ മർദിച്ചു. ഏതാനും ഫയലുകളും സംഘം കൊണ്ടുപോയി. 

സർക്കാർ നിലപാട് ലജ്ജാകരം: കോൺഗ്രസ്

ന്യൂഡൽഹി ∙ തലസ്ഥാനത്ത് രക്തത്തിന്റെ ഹോളി നടക്കുമ്പോൾ, ഹോളി ആഘോഷത്തിനു ശേഷം കലാപത്തെക്കുറിച്ചു ചർച്ച ചെയ്യാമെന്ന സർക്കാർ നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ്. പേടിച്ചാണ് ബിജെപി ചർച്ചയിൽ നിന്ന് ഓടിയൊളിക്കുന്നതെന്ന് കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും കുറ്റപ്പെടുത്തി. 

ഉച്ചയ്ക്കു ചർച്ച നടത്താമെന്നു പറഞ്ഞ ശേഷം ബില്ലുകൾ അവതരിപ്പിച്ച് നടപടികളുമായി മുന്നോട്ടു പോകാനാണ് സ്പീക്കർ ശ്രമിച്ചത്. ബില്ലിൽ സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ചുളുവിൽ ബില്ല് പാസാക്കാനാണു സർക്കാർ നീക്കം നടത്തിയതെന്ന് അധീർ രഞ്ജൻ പറഞ്ഞു. 

സഭയുടെ നടുത്തളത്തിൽ എല്ലാവർക്കും അവകാശമുണ്ട്. തലസ്ഥാനത്ത് അക്രമം നടന്നിട്ട് അതു ചർച്ച ചെയ്യാതിരിക്കുന്നത് ഒന്നും പറയാനില്ലാത്തതു കൊണ്ടാണ്. അക്രമികൾ ആരായാലും നടപടിയെടുക്കണം. എന്നാൽ പ്രകോപന പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നൽകുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഇതാണോ മോദി പറയുന്ന ‘പുതിയ ഇന്ത്യ?’– അധീർ ചോദിച്ചു. 

സ്പീക്കറുടെ താക്കീത്;അതിരു കടന്നാൽ സസ്പെൻഷൻ

ന്യൂഡൽഹി ∙ ലോക്സഭയിൽ അംഗങ്ങൾ അതിരുവിട്ടു പെരുമാറുന്നതിനെതിരെ സ്പീക്കറുടെ ശക്തമായ താക്കീത്. പ്രതിപക്ഷാംഗങ്ങൾ ഭരണപക്ഷത്തേക്കോ ഭരണകക്ഷിയംഗങ്ങൾ പ്രതിപക്ഷത്തേക്കോ കടക്കരുത്. വിലക്ക് ലംഘിക്കുന്നവരെ ഈ സമ്മേളനത്തിൽ നിന്നു സസ്പെൻഡ് ചെയ്യും. 

സഭയിൽ പ്ലക്കാർഡോ ബാനറോ ഉയർത്തരുതെന്നും നടപടിയുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞത് കോൺഗ്രസ് അംഗങ്ങൾ അംഗീകരിച്ചിരുന്നില്ല. പ്ലക്കാർഡുകൾ വേണോ എന്ന് ഔദ്യോഗികമായി പറയണമെന്ന് സ്പീക്കർ പറഞ്ഞതോടെ ബഹളമായി.

സഭ നിർത്തിവച്ച് വീണ്ടും ചേർന്നപ്പോൾ ടി.എൻ. പ്രതാപൻ ‘അമിത്ഷാ രാജിവയ്ക്കുക’ എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചാണു വന്നത്. ഓം ബിർലയ്ക്കു പകരം കിരിത് സോളങ്കിയായിരുന്നു അപ്പോൾ ചെയറിൽ. കഴിഞ്ഞ ദിവസം ഭരണപക്ഷത്തേക്ക് കോൺഗ്രസ് അംഗങ്ങൾ കയറിയതിനെത്തുടർന്ന് ഉന്തും തള്ളുമുണ്ടായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com