ADVERTISEMENT

ന്യൂഡൽഹി ∙ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ കോവിഡ് കാരണമുള്ള നിയന്ത്രണങ്ങൾക്കുശേഷം മടങ്ങിയെത്തുമ്പോൾ ജോലി നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങൾ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രാജ്യസഭയിൽ ഉറപ്പു നൽകി.

രോഗം നേരിടാനുള്ള നടപടികളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവനയ്ക്കുശേഷം എ.കെ. ആന്റണി, എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി തുടങ്ങിയവർ തങ്ങൾക്കു ലഭിച്ച പരാതികളും സന്ദേശങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇറാന്റെ തെക്കൻ പ്രദേശങ്ങളിലാണ്. ഇവിടെ പ്രശ്നം കുറവാണ്. ഇറ്റലിയിലും ഇറാനിലുമുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിലേക്കു മടങ്ങാൻ സൗകര്യമുറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇറാനിലെയും ഇറ്റലിയിലെയും സ്ഥിതി ആശങ്കാജനകമാണ്. പല രാജ്യങ്ങളിലും പ്രശ്നമുണ്ടെങ്കിലും കൂടുതൽ പ്രതിസന്ധിയുള്ള സ്ഥലങ്ങളിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നതെന്നു മന്ത്രി വിശദീകരിച്ചു. 

പ്രതിസന്ധി നേരിടാൻ സ്വീകരിക്കുന്ന നടപടികൾക്ക് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങളും സർക്കാരിനെ അഭിനന്ദിച്ചു.

ജോസ് കെ.മാണി: ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറ്റലിയിൽ കുടുങ്ങിയിട്ടുള്ളത്. മിലാനിൽ തന്നെ 300 പേരെങ്കിലുമുണ്ട്. രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ഇന്ത്യയിലെത്തിക്കൂ എന്ന നിലപാട് പുനഃപരിശോധിക്കണം. മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും യാത്രാസൗകര്യമുറപ്പാക്കണം.

ഇതിനിടെ, ഇറ്റലിയിലും യുഎഇയിലുമായി കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ എംപി വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com