ADVERTISEMENT

ന്യൂഡൽഹി ∙ ക്രൂഡ് ഓയിലിനു വില കുറയുമ്പോൾ നികുതി കൂട്ടുക, വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുക– ഇന്ധന വിലയുടെ കാര്യത്തിൽ കേന്ദ്രം ആവർത്തിക്കുന്നതു പതിവുതന്ത്രം. ക്രൂഡ് ഓയിലിന്റെ നിലവിലെ വിലയനുസരിച്ച് ലീറ്ററിന് 16.28 രൂപയ്ക്കു ലഭിക്കുന്ന പെട്രോളും ഡീസലുമാണ് നാലു മടങ്ങ് വിലയ്ക്ക് ഇന്ത്യൻ വിപണിയിലെത്തുന്നത്. എണ്ണക്കമ്പനികളും കേന്ദ്ര, സംസ്ഥാന സർക്കാരുകളും സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടു കൊള്ളലാഭം കൊയ്യുന്നു.

ശുദ്ധീകരണ ചെലവ്, ഇന്ത്യയിലേക്കുള്ള പ്രവേശന നികുതി, ചരക്കുഗതാഗത ചെലവ്, ഇറക്കുമതിയിൽ എണ്ണ ഉൽപാദക കമ്പനികൾക്കു നൽകേണ്ടി വരുന്ന വ്യത്യാസം എന്നിവയ്ക്കായി ഒരു ലീറ്റർ പെട്രോളിന് 12.2 രൂപയും ഡീസലിന് 15.8 രൂപയുമാണ് ചെലവ്. ഇതു കൂടി ചേരുന്ന തുകയ്ക്കു മുകളിലാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തുക. 3 രൂപ വീതം വർധിച്ചതോടെ എക്സൈസ് തീരുവയും റോഡ് നികുതിയും ചേർത്ത് പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി കൂടി. 

പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നൽകണം. ഇതടക്കം പെട്രോൾ 55.01 രൂപയ്ക്കും ഡീസൽ 53.4 രൂപയ്ക്കുമാണ് സംസ്ഥാനങ്ങൾക്കു നൽകുക.

സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ മൂല്യവർധിത നികുതി (വാറ്റ്) കൂടി ചേരുന്നതോടെ വില സാധാരണക്കാരന്റെ ബാധ്യതയാകും.

 വാറ്റ് നിരക്കിലെ വ്യത്യാസമാണ് സംസ്ഥാനം തോറും ഇന്ധനവിലയിലെ മാറ്റത്തിനു കാരണം. 16 – 39 % ആണു വിവിധ സംസ്ഥാനങ്ങളിലെ ‘വാറ്റ്’. കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലെത്തും.

കുറഞ്ഞപ്പോൾ കൂട്ടി: കളിയാക്കി രാഹുൽ

ന്യൂഡൽഹി ∙ പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കൂട്ടിയ നടപടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്കു നൽകണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ, ‘നമ്മുടെ പ്രതിഭ’ എക്സൈസ് തീരുവ കൂട്ടിയെന്നു രാഹുൽ പരിഹസിച്ചു. ഇന്ധനവില കുറയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നു ധനമന്ത്രി നിർമല സീതാരാമൻ ഒഴിഞ്ഞുമാറുന്ന വിഡിയോയും ട്വീറ്റിനൊപ്പം പങ്കുവച്ചു. മധ്യപ്രദേശ് സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങൾക്കിടെ പ്രധാനമന്ത്രി എണ്ണ വില കുറയുന്നതു കാണാതെ പോയെന്നു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com