ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഇതേവരെ കോവിഡ്–19 സ്ഥിരീകരിച്ച 129 രോഗികളിൽ രോഗം ഭേദമായി ആശുപത്രി വിട്ടത് 13 പേർ. ഉത്തരാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽകൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ തന്നെ രോഗം സ്ഥിരീകരിച്ച കേരളത്തിൽ മൂന്നു കേസുകളും ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി ഇന്നലെ ഓരോ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ പുതുതായി 4 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തിമഫലം കാക്കുകയാണ്. ഇതു കൂടി ചേർത്താൽ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 37 ആകും. ഇറ്റലിയിൽനിന്നു മടങ്ങിയെത്തിയ 33കാരനായ ഗവേഷകനാണ് ഒഡീഷയിൽ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തെ അടക്കം ക്വാറന്റീൻ ചെയ്തു. രോഗം ഭേദമായി ആശുപത്രി വിട്ടവരും വൈറസ് സ്ഥിരീകരിച്ച 17 വിദേശികളും 2 പേർ മരിച്ചതും അടക്കമുള്ള കണക്കാണ് 129.

∙ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് എത്ര പണം വേണമെന്നു വ്യക്തമാക്കാൻ ആരോഗ്യ മന്ത്രാലയത്തോട് നിർദേശിച്ചു.

∙ ആന്ധ്രാ പ്രദേശിനു പുറമേ, പശ്ചിമ ബംഗാളിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു മാറ്റിവച്ചു.

∙ കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനത്തിൽ സാങ്കേതിക പരിഹാരങ്ങളുണ്ടെങ്കിൽ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ പരിപാടികളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും അടക്കം സംഭാവനകളെയും മോദി പ്രശംസിച്ചു.

∙ കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാനും മറ്റുമായി ആരോഗ്യമന്ത്രാലയം 24 മണിക്കൂർ ടോൾ ഫ്രീ നമ്പർ സജ്ജമാക്കി–1075. ncov2019@gmail.com എന്ന ഇമെയിൽ വിലാസത്തിലും സഹായം തേടാം. വിദേശകാര്യ മന്ത്രാലയവും ടോൾ ഫ്രീ ഹെൽപ്‌ലൈൻ തുറന്നു– 1800118797

∙ ജവഹർ നവോദയ വിദ്യാലയങ്ങൾ വേനലവധി നേരത്തേയാക്കി. 21 ന് സ്കൂളുകൾ അടയ്ക്കും.

∙ ഇറാനിൽ കുടുങ്ങിയവരിൽ 53 പേർ കൂടി നാട്ടിലെത്തി. എയർ ഇന്ത്യ വിമാനത്തിൽ എത്തിച്ച ഇവരെ ജയ്സാൽമറിലെ സൈനിക ക്യാംപിലേക്കു മാറ്റി. ഇതോടെ ഇറാനിൽ നിന്നെത്തിച്ചവർ 389.

∙ രാജ്യത്ത് ആർക്കിയോളജിക്കൽ സർവേയ്ക്കു കീഴിലുള്ള മുഴുവൻ സ്മാരകങ്ങളും മ്യൂസിയങ്ങളും 31 വരെ അടച്ചിടും. ആൻഡമാൻ ദ്വീപുകളിലേക്കുള്ള ടൂറിസം താൽക്കാലികമായി റദ്ദാക്കി.

∙ ഒഡീഷയിലേക്ക് എത്തുന്ന മുഴുവൻ വിദേശികൾക്കും ഇതര സംസ്ഥാനക്കാരും സംസ്ഥാനത്തേക്കുള്ള വരവ് റജിസ്റ്റർ ചെയ്യണം. ഇവർക്കു രണ്ടാഴ്ചത്തെ ക്വാറന്റീൻ കർശനമാക്കിയ സർക്കാർ, വിദേശികൾക്ക് 15,000 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചു.

∙ മുംബൈയിലെ ജുഹു ബീച്ച് ഒഴിപ്പിച്ചു. സിദ്ധിവിനായക ക്ഷേത്രത്തിൽ സന്ദർശകർക്കു വിലക്ക്. ബോംബെ ഹൈക്കോടതി പ്രവൃത്തിസമയം 2 മണിക്കൂറാക്കി ചുരുക്കി. സിനിമ, സീരിയൽ ചിത്രീകരണം നിർത്തിവച്ചു.

∙ കർണാടക സർക്കാർ ഓഫിസുകൾ, വിധാൻ സൗധ, ഹൈക്കോടതി, മറ്റു കോടതികൾ എന്നിവിടങ്ങളിൽ ഇന്നു മുതൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തും. മൈസൂരു ജില്ലയിൽ 144 പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രോഗബാധിതർ 8

∙ തമിഴ്നാട്ടിൽ സിനിമ തിയറ്ററുകൾ, മാളുകൾ, ബാറുകൾ, ടാസ്മാക് കടകൾ, റിസോർട്ടുകൾ എന്നിവയുൾപ്പെടെ 31 വരെ അടച്ചിടും. പൊതു യോഗങ്ങൾ, ഘോഷയാത്രകൾ എന്നിവ നിരോധിച്ചു. സിനിമാചിത്രീകരണം നിർത്തി വയ്ക്കും. സീരിയലുകൾക്കും ബാധകം.

∙ ബിഹാറിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. 

English Summary: Corona statistics in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com