ADVERTISEMENT

കുമളി ∙മൂന്നാമതും പിറന്ന പെൺകുഞ്ഞിന്റെ ജീവനെടുത്ത കേസിൽ അമ്മയും മുത്തശ്ശിയും അറസ്റ്റിൽ. തമിഴ്നാട്ടിൽ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം.  കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ  കറ നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകി.

കോഴിക്കോട് മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും 2 പെൺകുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവരെ കവിതയുടെ അമ്മയുടെ അടുത്താക്കിയാണ് സുരേഷും കവിതയും ജോലിക്കു പോകുന്നത്. കവിത ഫെബ്രുവരി 26ന് തേനി മെഡിക്കൽ കോളജിൽ ഒരു പെൺകുഞ്ഞിനു കൂടി ജന്മം നൽകി. 28ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന്  കുഞ്ഞ് മരിച്ചു.

കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം കുഞ്ഞിന് മുലപ്പാൽ നൽകിയതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് ഇവർ പ്രചരിപ്പിച്ചത്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതർക്കു ലഭിച്ചു. പരാതി ലഭിച്ച തഹസിൽദാർ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. തുടർന്ന് വിഇഒ പൊലീസിൽ പരാതി നൽകി. ആണ്ടിപ്പെട്ടി ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

‘തൊട്ടിൽ കുളന്തൈ’

1990കളിൽ തമിഴ്നാട്ടിൽ പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങളുണ്ടായി. തുടർ‍ന്ന് വ്യാപകമായ ബോധവൽക്കരണവും ‘തൊട്ടിൽ കുളന്തൈ’ എന്ന പദ്ധതിയും സർക്കാർ നടപ്പാക്കി. കേരളത്തിലെ ‘അമ്മത്തൊട്ടിൽ’ മാതൃകയിലുള്ള പദ്ധതിയാണിത്. പെൺകുഞ്ഞുങ്ങൾക്കായി വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ഏർപ്പെടുത്തി. ഇതിനുശേഷം ഇത്തരം സംഭവങ്ങൾ വിരളമായിരുന്നു.

English Summary: Mother and grand mother arrested for killing child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com