ADVERTISEMENT

ന്യൂഡൽഹി ∙ പുലർച്ചെ വരെ നീണ്ട നിയമയുദ്ധത്തിനു ശേഷമാണു നിർഭയ‌ക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച പട്യാല ഹൗസ് കോടതി തള്ളിയതോടെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അതും തള്ളി. തുടർന്നാണ് അവസാന പഴുതുതേടി അവർ സു‌പ്രീം കോടതിയെ സമീപിച്ചത്. 

കുറ്റവാളികളുടെ അഭിഭാഷകൻ എ.പി. സിങ് പുലർച്ചെ 2 മണിയോടെ സുപ്രീം കോടതിയിലെത്തി. പിന്നാലെ നിർഭയയുടെ മാതാപിതാക്കളും അഭിഭാഷകൻ ജിതേന്ദ്രകുമാർ ഝായും. പ്രതി അക്ഷയ് കുമാറിന്റെ സഹോദരനും ഭാര്യാസഹോദരനും കോട‌‌തിയിലുണ്ടായിരുന്നു. ‘ഇനി എന്താണു നടക്കുകയെന്നറിയില്ല’ സഹോദരൻ നിറകണ്ണുകളോടെ പറഞ്ഞു.

കോടതിയിലേക്കു കയറാൻ ശ്രമിക്കവേ എ.പി. സിങ്ങിന്റെ കൂടെയുള്ള അഭിഭാഷകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് സിങ് പ്രതിഷേധിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർ കോടതി മുറിയിൽ കടക്കുന്നതിനു വിലക്കുണ്ടെന്ന് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഇരുഭാഗത്തെയും അഭിഭാഷകർ, 5 മാധ്യമപ്രവർത്തകർ എന്നിവർക്കു മാത്രമായിരുന്നു കോടതി മുറിയിലേക്കു പ്ര‌വേശനം. ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എ.എസ്. ബൊപ്പണ്ണ എ‌ന്നിവരുടെ ബെ‍ഞ്ചിൽ വാദം ആരംഭിച്ചതു പുലർച്ചെ 2.30ന്.

nirbhaya-busstop
നിർഭയയും കൂട്ടുകാരനും ആക്രമിക്കപ്പെട്ട ദിവസം ബസ് കയറിയ ന്യൂഡൽഹി മുനീർകയിലെ കാത്തിരിപ്പുകേന്ദ്രം. ചിത്രം: പിടിഐ

ദയാഹർജിയിൽ നീതി ലഭിച്ചില്ല, കുറ്റം നടക്കുന്ന സമയത്തു പവൻ ഗുപ്തയ്ക്കു പ്രായപ‌ൂർത്തിയായിരുന്നില്ല തുടങ്ങിയ വാദമുഖങ്ങൾ ഹർജിക്കാർ വീണ്ടും ഉയർത്തിയെങ്കിലും ഇതെല്ലാം മുൻപു പലവട്ടം പരിഗണിച്ചതാണെന്നായിരുന്നു കോടതിയുടെ മറുപടി. പവൻ ഗുപ്തയ്ക്കു മറ്റു പ്രതികളെപ്പോലെ കുറ്റം ചെയ്യുകയെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും അതിനാൽ ഒരേശിക്ഷ നൽകുന്നതു ശരിയല്ലെന്നും അഭിഭാഷകൻ ശ്യാംസ് ‌ഖ്വാജ വാദിച്ചു. ഈ വാദങ്ങളൊന്നും അംഗീകരിക്കാതെ കോടതി അപ്പീൽ തള്ളി.

Nirbhaya-incident-bus
ന്യൂഡൽഹിയിൽ 2012 ഡിസംബർ 16നു രാത്രി നിർ‌ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ബസിന്റെ ഇപ്പോഴത്തെ കാഴ്ച. ചിത്രം: പിടിഐ

45 മിനിറ്റ് വാദം കേട്ട ശേഷമാണു മൂന്നരയോടെ ശിക്ഷ റദ്ദാക്കാനാവില്ലെന്നു വ്യക്തമാക്കി വിധിന്യായം പു‌റപ്പെടുവിച്ചത്. നേരത്തേ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണു ജസ്റ്റിസുമാരായ മൻമോഹൻ, സഞ്ജീവ് നരൂല എന്നിവരുടെ ഹൈക്കോടതി ബെഞ്ച് അപ്പീൽ പരിഗണിച്ചു തള്ളിയത്.

ഒരു പ്ലാറ്റ്ഫോം; 2 ലിവർ

ന്യൂഡൽഹി ∙ മീററ്റ് സ്വദേശി പവൻ ജല്ലാദായിരുന്നു ആരാച്ചാർ. 4 പേർക്കും നിൽക്കാൻ സാധിക്കുന്ന പ്ലാറ്റ്ഫോം പ്രത്യേകം ഒരുക്കിയിരുന്നു. പ്ലാ‌റ്റ്ഫോമിന്റെ തട്ട് മാറ്റാനുള്ള 2 ലിവറാണു ക്രമീകരിച്ചിരുന്നത്. ഇതു രണ്ടും പവൻ ജ‌ല്ലാദ് തന്നെ വലിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും 4 പേരുടെയും ശിക്ഷ ഒരേ സമയം നട‌പ്പാക്കാന്‍ ഒരു ജയിൽ ജീവനക്കാരനെക്കൂടി ലിവർ വലിക്കാനുള്ള ചുമതല ഏൽപിച്ചു. ഇതിന്റെ പരിശീലനവും നേരത്തേ നടത്തിയിരുന്നു.

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇതു നീതിയുടെ വിജയം. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാരീശക്തി എല്ലാ മേഖലയിലും മികവു പുലർത്തിയിട്ടുണ്ട്. സമത്വത്തിനും അവസ‌രത്തിനും ഊന്നൽ നൽകുന്ന, സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രം നാം ഒന്നിച്ചു കെട്ടിപ്പടുക്കണം.

∙ ‘നീതി വൈകുന്നതു നീതിനിഷേധത്തിനു തുല്യമാണ്. കേസിലുൾപ്പെട്ട ഒരാൾ ഇപ്പോഴും സ്വതന്ത്രനായി പുറത്തുണ്ട്. അയാളുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?’ – ജയ ബച്ചൻ (രാജ്യസഭാംഗം, നടി)

∙ ‘ഇതൊരു ഉദാഹരണമാണ്. വളരെ നേരത്തേ ചെയ്യേണ്ടതായിരുന്നു. എന്തൊക്കെ തന്ത്രങ്ങൾ പയറ്റിയാലും ശിക്ഷ നടപ്പാക്കുമെന്ന സന്ദേശമാണു നൽകുന്നത്.’ – രേഖ ശർമ (ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ)

English Summary: Nirbhaya convicts capital punishment after last plea rejected by court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com