ADVERTISEMENT

ന്യൂഡൽഹി ∙ രാവിലെ വീട്ടുപടിക്കൽ വരുന്ന പത്രം കയ്യിലെടുത്താൽ വൈറസ് പകരുമോയെന്ന പേടി ഏറ്റവും പുതിയ ‘കോവിഡ് ആശങ്ക’കളിലൊന്ന്. എന്നാൽ, ആ പേടിയിൽ പത്രം വായിക്കാൻ മടിക്കേണ്ടെന്നു ശാസ്ത്രജ്ഞർ ഉറപ്പുനൽകുന്നു.

കോവിഡ് മൂലം ശ്വാസനാളിയിലും ശ്വാസകോശത്തിലുമാണ് അണുബാധയുണ്ടാകുന്നതെന്നും ദിനപത്രങ്ങളിൽ നിന്നും പാക്കറ്റുകളിൽ നിന്നും വൈറസ് പകരുമെന്ന ആശങ്ക വേണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ചീഫ് എപ്പിഡിമിയോളജിസ്റ്റ് നിവേദിത ഗുപ്ത വിശദീകരിച്ചു.

കടലാസിൽ വൈറസ് നിലനിൽക്കുമെന്നതിനു സൂചനപോലും ലഭിച്ചിട്ടില്ലെന്നു ദേശീയ രോഗനിയന്ത്രണ കേന്ദ്രം (നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ) ഡയറക്ടർ സുജീത് സിങ് വ്യക്തമാക്കി. കോവിഡ് ഹെൽപ് ലൈനിലേക്ക് എത്തുന്ന വിളികളിൽ പലതും പത്രം തൊട്ടാൽ വൈറസ് പടരുമോ എന്നതുൾപ്പെടെ അനാവശ്യ ഭയം മൂലമുള്ളതാണ്. ആശങ്കാകുലരായി വിളിക്കുന്നവർക്കു വ്യക്തമായ മറുപടി നൽകി ദുഷ്പ്രചാരണം തടയുന്നതിനാണു ദേശീയ രോഗനിയന്ത്രണകേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനു വായുവിൽ മണിക്കൂറുകളോളം നിലനിൽക്കാൻ കഴിയില്ലെന്നു ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ദേവി ഷെട്ടി അഭിപ്രായപ്പെടുന്നു. രോഗമുള്ള വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തേക്കു തെറിക്കുന്ന ഉമിനീർ കണങ്ങൾ ദേഹത്തു പുരളുമ്പോഴാണ് രോഗം പകരുന്നതെന്നു ലോകാരോഗ്യസംഘടനയുടെ ദക്ഷിണപൂർവേഷ്യ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് വ്യക്തമാക്കി. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് എത്തുന്ന പാക്കേജുകളിലൂടെയും മറ്റും വൈറസ് പകരാൻ സാധ്യത കുറവാണെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

ലോക്ക്ഡൗൺ കാലത്തെ അവശ്യസേവനങ്ങളിൽ ഉൾപ്പെടുത്തി പത്രമാധ്യമങ്ങളുടെ പ്രാധാന്യം സർക്കാർ അടിവരയിട്ടു പറയുമ്പോഴാണു അനാവശ്യമായ ഭീതിയും ആശങ്കയും പരത്തുന്ന സമൂഹമാധ്യമങ്ങൾ വഴിയുള്ള പത്രവിരുദ്ധ പ്രചാരണം.

പ്രസിലെ അച്ചടിക്കിടെ പത്രക്കടലാസിൽ ജീവനക്കാരുടെ കരസ്പർശമേൽക്കുന്ന ഒരു ഘട്ടവുമില്ല. കർശന ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച്, സീൽ ചെയ്ത കൂടുകളിലാക്കിയാണ് അച്ചടിയന്ത്രത്തിൽ നിന്നു പത്രക്കെട്ടുകൾ വിതരണത്തിനു തയാറായി പുറത്തുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com