ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് കണ്ടെത്താൻ ചെലവു കുറഞ്ഞ സാങ്കേതികവിദ്യയുമായി ഡൽഹി ഐഐടിയിലെ ഗവേഷകർ. മലയാളി അസി. പ്രഫസർ മനോജ് മേനോൻ ഉൾ‌പ്പെടുന്ന സംഘം വികസിപ്പിച്ചെടുത്ത സംവിധാനം പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടൻ വ്യവസായ അടിസ്ഥാനത്തിൽ നിർമിക്കും.

കോവിഡ് പരിശോധന നടത്താൻ സ്വകാര്യ ലാബുകൾക്കു കേന്ദ്ര സർക്കാർ കഴിഞ്ഞ ദി‌‌വസം അനുമതി നൽകിയിരുന്നു. ദേശീയ അക്രഡിറ്റേഷൻ ഏജൻസിയുടെ അംഗീകാരമുള്ള ലാബുകളിൽ സ്ക്രീനിങ് ടെസ്റ്റിന് 1500 രൂപയും വൈറസ് നിർണയ പരിശോധനയ്ക്ക് 3000 രൂപയും ഉൾപ്പെടെ 4500 രൂപയേ പരമാവധി ഈടാക്കാവൂ എന്നാണു നിർദേശം. ഇതിലും കുറഞ്ഞ ചെലവിൽ പുതിയ സാങ്കേതികവിദ്യയിൽ പരിശോധന പൂർത്തിയാക്കാമെന്നു ഗവേഷകർ അവകാശപ്പെടുന്നു.

ഡൽഹി ഐഐടിയിലെ കുസുമ സ്കൂൾ ഓഫ് ബയളോജിക്കൽ സയൻസസിലെ (കെഎസ്ബിഎസ്) ഗവേഷകരാണു പുതിയ കിറ്റിനു പിന്നിൽ. കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ ഗവേഷണം നടത്തിയാണു സാങ്കേതികവിദ്യ തയാറാക്കിയതെന്നു മനോജ് മേനോൻ പറഞ്ഞു. യഥാർഥ വൈറസിനെ ഉപയോഗിക്കാതെയായിരുന്നു ഗവേഷണമെന്നതിനാലാണ് എൻഐവിയുടെ അനുമതി തേടിയത്. 

അധ്യാപകരായ വിവേകാനന്ദൻ പെരുമാൾ, ജയിംസ് ഗോമസ്, ബിശ്വജിത് കുണ്ഡു, ഗവേഷണ വിദ്യാർഥികളായ പരുൾ ഗുപ്ത, അഖിലേഷ് മിശ്ര, പ്ര‌‌വീൺ ത്രിപാഠി, അശുതോഷ് പാണ്ഡെ, പ്രശാന്ത് പ്രധാൻ എന്നിവരും സംഘത്തിലുണ്ട്. 

ജർമനിയിലെ ഹനോവർ മെഡിക്കൽ സ്കൂളിൽനിന്നു ബയോകെമിസ്ട്രിയിൽ പോസ്റ്റ് ഡോക്ടറൽ ബിരുദം നേടിയ ശേഷമാണ് കൊച്ചി ഇരുമ്പനം സ്വദേശിയായ മനോജ് മേനോൻ ഡൽ‍ഹി ഐഐടിയിൽ അധ്യാപകനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com