ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ബാധ കൂടുതൽ വ്യാപിക്കാതെ തടയാൻ കഴിഞ്ഞ രാജ്യങ്ങളുടെ മാതൃക മാത്രമാണ് ഏക പ്രതിവിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും അവിടെ ജനം വീട്ടിലിരുന്നതു കൊണ്ടാണ് രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താനായത്.

ലോകം മുഴുവൻ തീ പടരുന്നതു പോലെയാണ് മഹാമാരി പടർന്നത്. ചൈന, ഇറ്റലി, ജർമനി, യുഎസ്, ഫ്രാൻസ്, ഇറാൻ തുടങ്ങി ശക്തരായ രാജ്യങ്ങളെയെല്ലാം ഈ മഹാമാരി തകർത്തുകളഞ്ഞു. അവർ ഒന്നും ചെയ്യാത്തതു കൊണ്ടോ സമ്പത്തില്ലാത്തതു കൊണ്ടോ അല്ല. എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടും വെല്ലുവിളി ഉയരുകയാണ്. 

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ഇതു ബാധിച്ച ഒരു വ്യക്തി 10 ദിവസം കൊണ്ട് ആയിരക്കണക്കിനാളുകളിലേക്കു രോഗം പകരാൻ വഴിവയ്ക്കും. ലോകത്ത് ആദ്യത്തെ ഒരു ലക്ഷം രോഗികളിലേക്ക് കൊറോണ വൈറസ് എത്തിയത് 67 ദിവസം കൊണ്ടാണ്. അടുത്ത ഒരു ലക്ഷത്തിലേക്ക് 11 ദിവസം കൊണ്ടും മൂന്നാമത്തെ ഒരു ലക്ഷത്തിലേക്ക് 4 ദിവസം കൊണ്ടുമാണു രോഗം പടർന്നത്. തുടക്കത്തിൽ രോഗലക്ഷണങ്ങൾ കാണാത്തതു കൊണ്ട് സാമൂഹിക സമ്പർക്കം അപകടകരമായ അവസ്ഥയിലേക്കു വഴിവയ്ക്കുന്നു. ഇറ്റലിയും യുഎസുമൊക്കെ ലോകത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളാണ്. അവിടങ്ങളിലെ അവസ്ഥയെന്തെന്നതു നമുക്കു പാഠമാകണം. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് പ്രതീക്ഷയും പ്രതിവിധിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി തൊട്ട് ഗ്രാമത്തിലെ സാധാരണക്കാരൻ വരെ രക്ഷപ്പെടണമെങ്കിൽ നിയന്ത്രണത്തിന്റെ ലക്ഷ്മണ രേഖ നമ്മൾ ലംഘിക്കാതിരിക്കണം. വൈറസിന്റെ സംക്രമണ ശൃംഖല പൊട്ടിക്കണം. നമ്മുടെ ഇന്നത്തെ പ്രവൃത്തികളാണ് നമ്മുടെ നാളെയെ നിശ്ചയിക്കുന്നത്. ഈ സമയം ഓരോ അടിയും ശ്രദ്ധിച്ചു മുന്നേറണം. ജീവനുള്ളിടത്തേ പ്രതീക്ഷയുണ്ടാകൂ. ക്ഷമയുടെയും അച്ചടക്കത്തിന്റെയും സമയമാണിത്. നമുക്ക് നമ്മുടെ ഉത്തരവാദിത്തം പാലിക്കേണ്ടതുണ്ട്. 

24 മണിക്കൂറും ജീവൻ പണയംവച്ചു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, പൊലീസുകാർ എന്നിവരുടെ ത്യാഗം ഓരോരുത്തരും ഓർക്കണം. പലപ്പോഴും പലരുടെയും രോഷം പോലും നേരിടേണ്ടി വരുന്ന അവർ ഓരോരുത്തരുടെയും കർമത്തെ നമ്മൾ ആദരവോടെ സ്മരിക്കണം.

ദരിദ്രർക്കും ഇത് ബുദ്ധിമുട്ടിന്റെ സമയമാണ്. അതു പരിഹരിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപടിയെടുക്കുന്നുണ്ട്. ജീവൻ രക്ഷിക്കാൻ എന്താണോ ചെയ്യേണ്ടത് അതിനാണു പ്രാധാന്യം കൊടുക്കേണ്ടത്. ഡബ്ല്യുഎച്ച്ഒ, വിവിധ ഗവേഷണ കേന്ദ്രങ്ങൾ, വിദഗ്ധരുടെ അഭിപ്രായങ്ങൾ എന്നിവ പരിഗണിച്ച് തീരുമാനങ്ങളെടുക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം മാത്രമായിരിക്കണം മുഖ്യ പരിഗണനയെന്ന് സംസ്ഥാന സർക്കാരോടുകളോട് അഭ്യർഥിച്ചിട്ടുണ്ട്. സ്വകാര്യമേഖലയും പൂർണതോതിൽ രാജ്യത്തോടൊപ്പം നിൽക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളും മുന്നോട്ടു വരുന്നു. 

ജനതാ കർഫ്യൂവിൽ ഉത്തരവാദിത്തത്തോടെ പങ്കെടുത്ത് പ്രതിസന്ധി ഘട്ടത്തിൽ നാം എങ്ങനെ ഒരുമിച്ചു നിൽക്കുമെന്ന് നമ്മൾ തെളിയിച്ചു.

അതിനു ശേഷം പല സംസ്ഥാനങ്ങളിലും ഭാഗിക ലോക്ക് ഡൗണുകളുണ്ടായി. എന്നാൽ ഇത് ഗൗരവത്തോടെ എടുക്കാൻ ചിലർ തയാറായില്ലെന്നതു ഖേദകരമാണ്. ചിലരുടെ ഉപേക്ഷ കുടുംബങ്ങളെയും സമൂഹത്തെയും രാജ്യത്തെയും അപകടത്തിലാക്കും. അതിനാൽ അടുത്ത 21 ദിവസം വീട്ടിലിരിക്കുകയല്ലാതെ വേറെ മാർഗമില്ല – പ്രധാനമന്ത്രി പറഞ്ഞു.

അഭ്യൂഹങ്ങൾ തള്ളണം; അശ്രദ്ധ പാടില്ല

ഈ സമയത്ത് അറിഞ്ഞോ അറിയാതെയോ അഭ്യൂഹങ്ങളും പടരുന്നുണ്ട്. ഒരുതരത്തിലുള്ള അന്ധവിശ്വാസങ്ങളും അഭ്യൂഹങ്ങളും ഉൾക്കൊള്ളരുത്. സർക്കാരുകളും മെഡിക്കൽ രംഗത്തുളളവരും തരുന്ന നിർദേശങ്ങൾ മാത്രം പാലിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്. അശ്രദ്ധ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. 

21 ദിവസത്തെ ലോക്ക് ഡൗൺ നീണ്ട സമയമാണ്. നിങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കാൻ, ഇതല്ലാതെ വേറെ വഴിയില്ല. ഇതിനെ നമ്മൾ ഓരോരുത്തരും വിജയകരമായി നേരിടുമെന്നും മോദി പറഞ്ഞു. 

പത്രങ്ങൾക്ക് വലിയ  വിശ്വാസ്യത: പ്രധാനമന്ത്രി 

ന്യൂഡൽഹി ∙ പത്രങ്ങൾക്കു വലിയ വിശ്വാസ്യത ഉണ്ടെന്നും ഇതിനാൽ പത്രത്തിലൂടെ കോവിഡ് 19 ബോധവൽക്കരണം സുപ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 21 ദിവസം നിർണായകമാണെന്നും രാജ്യത്തെ പ്രമുഖ പത്രങ്ങളിലെ മുതിർന്ന മാധ്യമപ്രവർത്തകരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

ഈ പോരാട്ടത്തിൽ ജനങ്ങളുടെ ആത്മവീര്യം ചോരാതെ നോക്കേണ്ടതു നിർബന്ധമാണ്. ദോഷചിന്ത പടരാൻ അനുവദിക്കരുത്. ഊഹങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്നതു തടയുകയും വേണം. ജനങ്ങളുടെ കൂട്ടായ്മ ദേശീയ സുരക്ഷയിൽ നിർണായകമാണ്. അതിനാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കും സർക്കാരിനുമിടയിലെ കണ്ണിയായി പ്രവർത്തിക്കാനും കൃത്യമായ വിവരങ്ങൾ കൈമാറാനും പ്രധാനമന്ത്രി പത്രങ്ങളോട് ആവശ്യപ്പെട്ടു.

ശാരീരികമായ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് പത്രങ്ങൾ ബോധവൽക്കരണം നടത്തണം. ലോക്ക്ഡൗൺ എന്തുകൊണ്ടാണ് അനിവാര്യമായതെന്നും ബോധ്യപ്പെടുത്തണം. കോവിഡ് പ്രതിരോധം സംബന്ധിച്ച സർക്കാർ നടപടികൾ പത്രങ്ങളിലും പത്രങ്ങളുടെ വെബ് പോർട്ടലുകളിലും നൽകണം. ലോക്ക്ഡൗൺ സമയം അവശ്യവസ്തുക്കൾ എവിടെ ലഭിക്കുമെന്നതും പ്രാദേശിക പേജുകളിലൂടെ അറിയിക്കണം– മോദി ഓർമിപ്പിച്ചു. പത്രത്തിലെ പ്രാദേശിക പേജുകളാണു ജനങ്ങൾക്കിടയിൽ വ്യാപകമായി വായിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

രാജ്യത്തെ 11 ഭാഷാപത്രങ്ങളിൽ നിന്ന് ഇരുപതിലേറെ മാധ്യമപ്രവർത്തകരും മാധ്യമ മേധാവികളുമാണ് 14 കേന്ദ്രങ്ങളിൽ നിന്നായി പ്രധാനമന്ത്രിയുമായി വിഡിയോ ലിങ്കിലൂടെ ആശയവിനിമയം നടത്തിയത്. കേരളത്തിൽ നിന്ന് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവരാണു സംബന്ധിച്ചത്. വിദേശത്തു കുടുങ്ങിയവരുടെയും വീസാ കാലാവധി തീർന്ന പ്രവാസികളുടെയും പ്രശ്നത്തിൽ ഇടപെടണമെന്നു മാമ്മൻ മാത്യു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com