sections
MORE

സമ്പൂർണ ലോക്ക്ഡൗൺ: 21 ദിവസം ഇന്ത്യ മുഴുവൻ വീടിനുള്ളിൽ

modi-lock-down
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ‘കൊറോണ’ എന്നതിനു ഹിന്ദിയിൽ ‘കൊയി റോഡ്‌പർ നാ നികലേ’ (ആരും റോഡിൽ ഇറങ്ങരുത്) എന്ന് പൂർണരൂപം കാണിക്കുന്നു.
SHARE

ന്യൂഡൽഹി ∙ 21 ദിവസം രാജ്യം പൂർണമായി അടച്ചിടുമെന്ന് (സമ്പൂർണ ലോക്ക് ഡൗൺ) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു; ഇത് ഇന്നലെ അർധരാത്രി നിലവിൽവന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ ഇതല്ലാതെ മാർഗമില്ല. ഓരോ ഇന്ത്യക്കാരനും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ച് വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.

സാമൂഹികമായ അകലം പാലിക്കുകയല്ലാതെ ഈ മഹാമാരിയിൽ നിന്നു രക്ഷനേടാൻ മാർഗമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ലോകരാജ്യങ്ങളുടെ അനുഭവവും അതാണ്.

വൈറസിന്റെ സംക്രമണ ചക്രം പൊട്ടിക്കാൻ കുറഞ്ഞത് 21 ദിവസം വേണമെന്നു വിദഗ്ധർ പറയുന്നു. അതിനാൽ ജനങ്ങൾ വീടു വിട്ടു പുറത്തിറങ്ങരുത്. അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കൊറോണ പ്രതിരോധത്തിന്  15,000 കോടി രൂപ നീക്കിവച്ചു. ഐസലേഷൻ കിടക്കകൾ, വെന്റിലേറ്റർ, സ്യൂട്ടുകൾ, മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ പരിശീലനം, ഗവേഷണം എന്നിവയ്ക്കാണ് ഇതു വിനിയോഗിക്കുക. 

ലോക്ക്ഡൗൺ വന്നതോടെ രാജ്യത്തെ ട്രെയിൻ നിയന്ത്രണം ഏപ്രിൽ 14 വരെ നീട്ടി. ബാങ്ക്, എടിഎം, ആശുപത്രി, പത്രമാധ്യമങ്ങൾ പ്രവർത്തിക്കും.

പത്രം, ടിവി ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ അച്ചടി, ദൃശ്യമാധ്യമങ്ങളുടെ പ്രവർത്തനം തടസ്സം കൂടാതെ തുടരുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചു.

ആധികാരിക വിവരങ്ങൾ യഥാസമയം സമൂഹത്തിൽ പ്രചരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ടിവി ചാനലുകൾ, വാർത്താ ഏജൻസികൾ എന്നിവ അടക്കമുള്ള അടിസ്ഥാന വിവരസേവന ശൃംഖലകൾ സുപ്രധാനമാണെന്നു സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് 23ന് അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി.  

ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കാനും ഏറ്റവും പുതിയ വിവരങ്ങൾ രാജ്യത്തെ അറിയിച്ചുകൊണ്ടിരിക്കാനും ഈ സ്ഥാപനങ്ങൾ തുടർച്ചയായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. 

ടിവി ചാനലുകൾ, വാർത്താ ഏജൻസികൾ, ഡിജിറ്റൽ സാറ്റലൈറ്റ് ന്യൂസ് ഗാതറിങ് (ഡിഎസ്എൻജി), ഡയറക്ട് ടു ഹോം (ഡിടിഎച്ച്), കേബിൾ ഓപ്പറേറ്റേഴ്സ്, എഫ്എം, എംഎസ്ഒഎസ്, റേഡിയോ ആൻഡ് കമ്യൂണിറ്റി സ്റ്റേഷനുകൾ തുടങ്ങിയ സേവനങ്ങളുടെ പ്രവർത്തനമാണു തടസ്സപ്പെടാതെ നോക്കേണ്ടത്. ഡിഎസ്എൻജികളുടെയും മാധ്യമവാഹനങ്ങളുടെയും സഞ്ചാരത്തിനു സൗകര്യമൊരുക്കണം.

ഇന്ധനവും വൈദ്യുതിയും മറ്റു പ്രവർത്തന സൗകര്യങ്ങളും ഉറപ്പാക്കണം. അതേസമയം, വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതു തടയണമെന്നും നിർദേശമുണ്ട്. 

ഇന്ത്യയിൽ മരണം 10; രോഗികൾ 546

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 546. യുഎഇയിൽ നിന്നെത്തിയ 65 വയസ്സുകാരൻ മുംബൈയിൽ മരിച്ചു. ആകെ മരണം 10. 

∙ വീടിനു ചുറ്റും ഒരു ലക്ഷ്മണ രേഖ വരച്ചിരിക്കുകയാണ്. അതിനപ്പുറത്തേക്ക് ഒരടി വയ്ക്കുമ്പോൾ മാരകമായ കൊറോണ വൈറസിനെ വീട്ടിലേക്കു ക്ഷണിക്കുകയാണെന്നോർക്കണം. പ്രധാനമന്ത്രി മുതൽ ഗ്രാമങ്ങളിലെ സാധാരണക്കാരിൽ സാധാരണക്കാരൻ വരെ വീട്ടിലിരിക്കണം. 

–പ്രധാനമന്ത്രി നരേന്ദ്രമോദി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA