ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പരിശോധനാഫലം ലഭിക്കുന്നതിനുള്ള സമയം കുറയ്ക്കാനും കൂടുതൽ സാംപിൾ പരിശോധിക്കാനും നടപടിയുമായി കേന്ദ്രം. കൂടുതൽ പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്തതിനും സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയതിനും പിന്നാലെ, പരിശോധനാ കിറ്റുകൾ തദ്ദേശീയമായി ഉൽപാദിപ്പിക്കാനുള്ള നടപടിക്കും സർക്കാർ ആക്കംകൂട്ടി. മുംബൈയിലെ 2 കമ്പനികൾ വികസിപ്പിച്ചെടുത്ത കിറ്റുകൾക്കു സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അതിവേഗം അംഗീകാരം നൽകി.

കോവിഡ് സ്ഥിരീകരിക്കുന്ന റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്‌ഷൻ (ആർടിപിസിആർ) ടെസ്റ്റിനുള്ള കിറ്റുകൾ ജർമനിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ പ്രതിസന്ധി മറികടക്കുന്നതാണു പുണെയിലെ മൈലാബ് ഡിസ്കവറി സൊലൂഷൻസ് വികസിപ്പിച്ച കിറ്റ്. നിലവിൽ 4 – 7 മണിക്കൂറാണ് ഒരു സാംപിൾ പരിശോധനയ്ക്കു വേണ്ടതെങ്കിൽ മൈലാബ് കിറ്റിനു രണ്ടര മണിക്കൂ‍ർ മതി. ജർമൻ കമ്പനിയായ അൽറ്റോണ ഡയഗ്‌നോസ്റ്റിക്സിനും വ്യവസായ അടിസ്ഥാനത്തിൽ കിറ്റ് നിർമാണത്തിന് അനുമതിയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കിറ്റുകൾ ലഭ്യമാക്കുമെന്നാണു മൈലാബ് സർക്കാരിന് ഉറപ്പു നൽകിയിരിക്കുന്നത്.

വിദേശയാത്ര കഴിഞ്ഞെത്തിയവർ, ഇവരുമായി സമ്പർക്കം പുലർത്തിയവർ, രോഗസാധ്യതയും ലക്ഷണവുമുള്ളവർ എന്നിവരുടെ സാംപിളാണു നിലവിൽ പരിശോധിക്കുന്നത്. സമൂഹവ്യാപനമില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ പരിശോധന വ്യാപകമാക്കണമെന്നു വിദഗ്ധാഭിപ്രായമുണ്ട്.

ജനസംഖ്യയുമായുള്ള താരതമ്യത്തിൽ, 10 ലക്ഷത്തിൽ ഒരാൾക്കേ നിലവിൽ പരിശോധന നടക്കുന്നുള്ളൂ. ഈ അനുപാതം മെച്ചപ്പെടുത്തുന്നതിനാണ് 15,000 സാംപിൾ ശേഖരണ കേന്ദ്രങ്ങളുള്ള 12 സ്വകാര്യ ലാബുകൾക്കുകൂടി പരിശോധനയ്ക്ക് അനുമതി നൽകിയത്. അൻപതോളം ലാബുകൾ കൂടി പരിഗണനയിലുണ്ട്.

കഴിയുന്നത്ര സാംപിളുകൾ പരിശോധിച്ചാണ് സിംഗപ്പുർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രോഗബാധ നിയന്ത്രണത്തിലാക്കിയത്.

ഓൺലൈൻ തട്ടിപ്പിനെതിരെ കേന്ദ്ര മുന്നറിയിപ്പ്

ന്യൂഡൽഹി ∙ കോവിഡിന്റെ മറവിൽ ഇന്റർനെറ്റ് വഴി മൊബൈൽ ഫോണുകളിലെയും കംപ്യൂട്ടറുകളിലെയും വിവരങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്.

സ്പൈമാക്സ്, കൊറോണ ലൈവ് 1.1 തുടങ്ങി ഒട്ടേറെ വ്യാജ ആപ്പുകൾ പ്രചാരത്തിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ട്വിറ്ററിൽ കുറിച്ചു. കോവിഡിന്റെ മറവിൽ ചിലർ പിരിവു നടത്തുന്നതു ശ്രദ്ധയിൽപെട്ടതായും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com