ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂലമുള്ള പ്രശ്നങ്ങൾ നേരിടാനുള്ള സാമ്പത്തിക പാക്കേജിനല്ല, രോഗം വ്യാപിക്കുന്നതു തടയാനുള്ള നടപടികൾക്കാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഊന്നൽ നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ  ഇക്കാര്യം ലോക്സഭയിലെ കക്ഷിനേതാക്കളോടു സൂചിപ്പിച്ചു.

ലോക്സഭയിൽ കഴിഞ്ഞ ദിവസം ധനകാര്യ ബില്ലിനുള്ള ഭേദഗതികൾ പരിഗണിക്കുന്നതിനിടെ പ്രതിപക്ഷത്തു നിന്നു പലരും സാമ്പത്തിക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രിയോ, സഭ പിരിയുന്നതിനു മിനിറ്റുകൾക്കു മുൻപ് സഭയിൽ വന്ന പ്രധാനമന്ത്രിയോ ഇതിനു മറുപടി നൽകിയില്ല. സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനു പിന്നാലെ സ്പീക്കറുടെ ചേംബറിൽ നടന്ന ചായസൽക്കാരത്തിൽ പ്രധാനമന്ത്രിയും കക്ഷിനേതാക്കളും പങ്കെടുത്തു. അവിടെയും പലരും പാക്കേജിന്റെ കാര്യമുന്നയിച്ചു. ദീർഘകാല പ്രത്യാഘാതമുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിക്കു സാധ്യതയുള്ളതിനാൽ ഓരോ മേഖലയെക്കുറിച്ചും വിശദമായി വിലയിരുത്തിയുള്ള നടപടി വേണമെന്നും ഇപ്പോൾ സാമൂഹിക അകലമെന്ന പ്രതിരോധ വ്യവസ്ഥ ശക്തമായി നടപ്പാക്കുന്നതിലാണ് ഊന്നലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സംസ്ഥാനങ്ങൾക്കു കൂടുതൽ വായ്പയെടുക്കാൻ അനുമതി നൽകണമെന്ന കേരളത്തിന്റെ ആവശ്യം എൻ.കെ.പ്രേമചന്ദ്രൻ, പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഈ ആവശ്യം പരിഗണിക്കുമെന്ന് മോദി മറുപടി നൽകി. 

ഉടനില്ലെങ്കിലും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ചത്. താൻ നേതൃത്വം നൽകുന്ന സാമ്പത്തിക കർമസമിതിയുമായി ബന്ധപ്പെട്ടു വിവിധ ഉപസമിതികളുണ്ടെന്നും അവ പല നിർദേശങ്ങളും തയാറാക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 

വിവിധ മേഖലകളിൽ നിലവിലുള്ള പദ്ധതികളിൽ നിന്ന് പണം ലഭ്യമാക്കുന്നതിനു നടപടികൾ ഊർജിതപ്പെടുത്താനുള്ള ശ്രമവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com