ADVERTISEMENT

ന്യൂഡൽഹി ∙ ട്രെയിനുകൾ നിർത്തിയതോടൊപ്പം റെയിൽവേയുടെ പലതരം നിർമാണ ശാലകളും സ്തംഭനത്തിലായി. ഈ വർഷം റെക്കോർഡ് ഉൽപാദനം ലക്ഷ്യമിട്ടു നടത്തിയ പ്രവർത്തനങ്ങൾ അവതാളത്തിലായി. എല്ലാ ഉൽപാദന കേന്ദ്രങ്ങളും ഏറ്റവും കുറവു ജീവനക്കാരെ വച്ചാണു മുന്നോട്ടുപോകുന്നത്. 

കപൂർത്തല കോച്ച് ഫാക്ടറി, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി, വാരാണസി ഡീസൽ എൻജിൻ ഫാക്ടറി, ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സ് എന്നിവയൊക്കെ നിശ്ചലാവസ്ഥയിലാണ്. ബേല (ബിഹാർ), ബെംഗളൂരു എന്നിവിടങ്ങളിലെ ചക്രനിർമാണ ശാലകളുടെയും പ്രവർത്തനം മന്ദീഭവിച്ചു. ഈ മാർച്ച് 31നകം 7600 കോച്ചുകൾ, 725 ഡീസൽ, ഇലക്ട്രിക് എൻജിനുകൾ, 1.25 ലക്ഷം ചക്രങ്ങൾ, 71,000 ആക്സിലുകൾ എന്നിവ നിർമിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.

ബംഗാളിൽ കോവിഡ് ബാധിച്ചു റെയിൽവേ ജീവനക്കാരൻ മരിച്ചതോടെ അതീവ ജാഗ്രത പുലർത്താൻ മന്ത്രി പീയൂഷ് ഗോയൽ നിർദേശം നൽകി. സർവീസുകൾ സുഗമമാകുന്നതു വരെ സ്റ്റേഷനുകളിലെ റിട്ടയറിങ് റൂമുകൾ യാത്രക്കാർക്കു നൽകാൻ സ്റ്റേഷൻ മാസ്റ്റർമാർക്ക് ഉത്തരവു നൽകിയിട്ടുണ്ട്.

കരാർ തൊഴിലാളികൾക്ക് പൂർണ ശമ്പളം

ന്യൂഡൽഹി ∙ റെയിൽവേയിലെ കരാർ തൊഴിലാളികൾക്ക് ഈ മാസത്തെ പൂർണ ശമ്പളം നൽകും. കോവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ച സാഹചര്യത്തിൽ ബുദ്ധിമുട്ടിലായ പാൻട്രി, ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർക്കാണു പൂർണ ശമ്പളം നൽകാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്.

മറ്റു ജോലികളൊന്നുമില്ലാത്ത സാഹചര്യത്തിലും തൊഴിലാളികൾക്കു പൂർണ ശമ്പളം നൽകണം. തൊഴിലാളികളെ കരാറുകാരൻ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ മേഖലകൾക്കും നിർദേശം നൽകി.

നിർമാണത്തൊഴിലാളികൾക്ക് ക്ഷേമ സെസിൽനിന്ന് പണം നൽകണം: കേന്ദ്രം

ന്യൂഡൽഹി ∙ കോവിഡ് മൂലം അസംഘടിത മേഖലയിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, നിർമാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ശേഖരിച്ച െസസിൽ നിന്നു പണം നൽകാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു. ഇതു സംബന്ധിച്ച് മന്ത്രി സന്തോഷ് ഗാങ്‌വാർ മുഖ്യമന്ത്രിമാർക്കു കത്തെഴുതി.

നിർമാണത്തൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ക്ഷേമ ബോർഡുകൾ ഏകദേശം 52,000 കോടി രൂപ ക്ഷേമ സെസായി പിരിച്ചിട്ടുണ്ടെന്നാണു കണക്ക്. 3.5 കോടി തൊഴിലാളികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൊഴിലാളികൾക്കു നേരിട്ടു പണം കൈമാറുന്നതിനുള്ള പദ്ധതി തയാറാക്കണമെന്നും തുക എത്രയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com