sections
MORE

പൂട്ടുവീണ് ഇന്ത്യ: തിരക്കൊഴിഞ്ഞ് നിരത്തുകൾ; നിരീക്ഷണം ശക്തം

india-covid
SHARE

ന്യൂഡൽഹി ∙ രാജ്യം ലോക്ഡൗണിലായതോടെ അവശ്യ വസ്തുക്കൾക്കു ദൗർലഭ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണം തടയണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റും ലഭ്യമാണെന്നു സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പൊതുജനത്തെ അറിയിക്കണം.

അവശ്യവസ്തുക്കളുടെ ലഭ്യത സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അറിയിച്ചു. വില കൂട്ടാനും പൂഴ്ത്തിവയ്പിനും ശ്രമിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ക്ഷാമമുണ്ടാകില്ലെന്നു സർക്കാർ ആവർത്തിച്ച് ഉറപ്പുനൽകിയിട്ടും ഡൽഹിയടക്കം പല നഗരങ്ങളിലും സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിക്കും തിരക്കുമുണ്ടാക്കുന്ന അവസ്ഥയായിരുന്നു ഇന്നലെ. പലയിടത്തും പച്ചക്കറികൾക്കും മറ്റും വിലക്കയറ്റം അനുഭവപ്പെട്ടു. അധിക ഗ്യാസ് സിലിണ്ടറുകൾ വാങ്ങാനും ചിലയിടങ്ങളിൽ തിരക്കുണ്ടായി. നിരത്തുകൾ ഒഴിഞ്ഞു കിടന്നു

ലോക്ഡൗൺ എല്ലാ സംസ്ഥാനങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്. അനാവശ്യമായി നിരത്തിലിറങ്ങുന്നവരെയും തെരുവു കച്ചവടക്കാരെയും പൊലീസ് ഒഴിപ്പിക്കുന്നു. കർശന നിബന്ധനകളുടെ പശ്ചാത്തലത്തിൽ ഡെലിവറി വൈകാനിടയുണ്ടെന്നും നിർത്തിവയ്ക്കുന്നതായും പല ഓൺലൈൻ വ്യാപാര സൈറ്റുകളും അറിയിച്ചിട്ടുണ്ട്.

കോവിഡ് കിറ്റ് ഒരുക്കാൻ സിസിഎംബി

ന്യൂഡൽഹി ∙ കോവിഡ് നിർണയത്തിനു ചെലവു കുറഞ്ഞ പരിശോധനാ കിറ്റ് വികസിപ്പിക്കാൻ ശ്രമം ഊർജിതമാക്കി സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി). രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു സാധിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ, 4500 രൂപ വരെയാണു കിറ്റിന്റെ ചെലവ്. 1000 രൂപയിൽ താഴെ വിലയ്ക്കു ലഭ്യമാക്കാനുള്ള സാധ്യതയാണു തേടുന്നത്.മുംബൈയിലെ മൈലാബ് വികസിപ്പിച്ച കിറ്റിനു കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു.

സ്കൂൾ അംഗീകാരം:‌ അവസാന തീയതി നീട്ടി സിബിഎസ്ഇ

ന്യൂഡൽഹി ∙ സ്കൂളുകൾക്ക് സിബിഎസ്ഇ അംഗീകാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. പുതിയ അംഗീകാരം, പുതുക്കൽ, മറ്റേതെങ്കിലും ബോർഡുകളിൽ നിന്നു സിബിഎസ്ഇയിലേക്കുള്ള മാറ്റം തുടങ്ങിയ എല്ലാ നടപടികളുടെയും അപേക്ഷയ്ക്കുള്ള കാലാവധിയാണു നീട്ടിയത്.

ഏപ്രിൽ 14 വരെ ട്രെയിനില്ല

ന്യൂഡൽഹി ∙ രാജ്യത്തെ യാത്രാ ട്രെയിനുകൾ റദ്ദാക്കിയത് റെയിൽവേ ഏപ്രിൽ 14 വരെ നീട്ടി. എന്നാൽ, ചരക്കു ട്രെയിനുകൾ ഓടും. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ (പ്രീമിയം ട്രെയിനുകളടക്കം), സബേർബൻ ട്രെയിനുകൾ, കൊൽക്കത്ത മെട്രോ റെയിൽ എന്നിവയെല്ലാം ഏപ്രിൽ 14 വരെ റദ്ദാക്കി. റേക്കുകൾ അതതു സോണിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA