ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ലോക്ഡൗൺ രണ്ടാം ദിവസത്തേക്കു കടന്നതോടെ നിയമലംഘനം നടത്തുന്നവർക്കെതിരെ വിവിധ സംസ്ഥാനങ്ങൾ കർശന നടപടി സ്വീകരിച്ചു തുടങ്ങി. കശ്മീരിൽ പലയിടത്തും ഡ്രോണുകൾ ഉപയോഗിച്ച് അധികൃതർ നിയമലംഘകരെ കണ്ടെത്തി മുന്നറിയിപ്പു നൽകുന്നുണ്ട്.

പലയിടത്തും ഓൺലൈൻ വ്യാപാര സൈറ്റുകൾക്കു വിതരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. 2 ദിവസമായി ഓൺലൈൻ ഡെലിവറി മുടങ്ങിയിരുന്ന ഡൽഹിയിൽ സൈറ്റുകളുടെ അധികൃതരുമായി പൊലീസ് ചർച്ച നടത്തി. ഡൽഹിയിൽ റോഡരികിലെ പച്ചക്കറിവണ്ടികൾ തള്ളിമറിച്ചിട്ട ആനന്ദ് പർബത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.

മുംബൈയിലെ കാന്തിവ്‌ലിയിൽ വീടിനു പുറത്തിറങ്ങുന്നതു സംബന്ധിച്ച തർക്കത്തിനിടെ ജ്യേഷ്ഠൻ അനിയനെ മർദിച്ചു കൊന്നു. ജ്യേഷ്ഠൻ രാജേഷിനെ അറസ്റ്റ് ചെയ്തു.

രാജ്യത്തെ നഗരങ്ങളെല്ലാം വിജനമാണ്. പൊലീസ് വാഹനങ്ങൾ ലോക്ഡൗൺ അറിയിപ്പു നൽകുന്നുണ്ട്. അവശ്യസാധനങ്ങൾ തീർന്നതിനാൽ തലസ്ഥാനത്ത് പല കടകളും അടച്ചു. മെഡിക്കൽ ഷോപ്പുകളും ചില സ്റ്റേഷനറി കടകളും മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. പുതുച്ചേരിയിൽ തന്റെ വീടിനു മുൻപിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത കോൺഗ്രസ് എംഎൽഎ ജോൺ കുമാറിനെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ഇരുനൂറോളം പേർക്കാണു വിതരണം ചെയ്തത്.

പലയിടത്തും റോഡിലിറങ്ങുന്നവരെ പൊലീസ് അടിച്ചോടിക്കുന്നുണ്ട്. ഏത്തമിടീക്കുക, പ്രതിജ്ഞ ചൊല്ലിക്കുക തുടങ്ങിയ നടപടികളും എടുക്കുന്നുണ്ട്. എന്നാൽ അവശ്യസാധനങ്ങൾ വാങ്ങാനിറങ്ങുന്നവരെയും ഇവ കൊണ്ടുപോകുന്ന വാഹനങ്ങളെയും തടയരുതെന്നു പല സംസ്ഥാനങ്ങളും കർശന നിർദേശം നൽകിയിട്ടുണ്ട്.

ഡൽഹിയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതായി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ അറിയിച്ചു. ചണ്ഡിഗഡിൽ സർക്കാർ ബസുകളിലാണ് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത്.

Content Highlights: Covid, lock down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com