ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗണിൽ ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ. ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു പുറമേയുള്ള പ്രധാന നിർദേശങ്ങൾ. 

സ്ത്രീകൾക്ക് 500 രൂപ

ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 3 മാസത്തേക്ക് പ്രതിമാസം 500 രൂപ വീതം.

പിഎഫ് പിൻവലിക്കൽ 75%

പ്രോവിഡന്റ് ഫണ്ടിൽ നിന്ന് 75% തുക അല്ലെങ്കിൽ 3 മാസത്തെ ശമ്പളത്തിനു തുല്യതുക (ഏതാണോ കുറവ്, അത്) പിൻവലിക്കാൻ അനുമതി. 

5 കിലോ സൗജന്യ അരി 3 മാസം

നിർധന കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും പ്രതിമാസം 5 കിലോഗ്രാം ധാന്യം (അരി/ഗോതമ്പ്) സൗജന്യം. നിലവിൽ ലഭിക്കുന്നതിനു പുറമേയാണിത്. 80 കോടി ജനങ്ങൾക്ക് പ്രയോജനം. ഒരു കുടുംബത്തിന് പ്രതിമാസം ഒരു കിലോഗ്രാം വീതം പരിപ്പ് (അല്ലെങ്കിൽ പയർ/ഉഴുന്ന്) സൗജന്യം. 

നിർധനർക്ക് സൗജന്യ ഗ്യാസ്

ഉജ്വല പദ്ധതിയിലെ 8.3 കോടി ബിപിഎൽ കുടുംബങ്ങൾക്ക് അടുത്ത 3 മാസം പാചകവാതകം സൗജന്യം

പിഎഫ് വിഹിതം സർക്കാർ വക

ജീവനക്കാരും തൊഴിലുടമകളും നൽകേണ്ട പ്രതിമാസ പ്രോവിഡന്റ് ഫണ്ട് വിഹിതം 3 മാസം സർക്കാർ നൽകും. നൂറിൽ താഴെ ജീവനക്കാരുള്ളതും അതിൽ 90% ജീവനക്കാർക്കും 15,000 രൂപ ശമ്പളമുള്ളതുമായ സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം. 4 ലക്ഷം സ്ഥാപനങ്ങളിലെ 18 ലക്ഷം പേർക്കു പ്രയോജനം. 

കർഷകർക്ക് 2000 രൂപ

പിഎം കിസാൻ പദ്ധതിയിലെ കർഷകർക്ക് അടുത്ത വർഷത്തെ പണത്തിന്റെ ആദ്യ ഗഡുവായ 2000 രൂപ ഏപ്രിലിൽ. 8.46 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഈടില്ലാതെ 20 ലക്ഷം വായ്പ

വനിതാ സ്വാശ്രയ സംഘങ്ങളിൽ അംഗത്വമുള്ള കുടുംബങ്ങൾക്ക് ഈടില്ലാതെയുള്ള വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷമാക്കി.

ക്ഷേമ സഹായം 1000 രൂപ

നിർധന വിഭാഗങ്ങളിലെ മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 1000 രൂപ. മൂന്നു മാസത്തിനിടെ 2 തവണയായി 500 രൂപ വീതമാണ് ലഭിക്കുക. 

തൊഴിലുറപ്പ് വേതനം കൂട്ടി

തൊഴിലുറപ്പു പദ്ധതിയുടെ പ്രതിദിന വേതനത്തിൽ ഏപ്രിൽ മുതൽ 20 രൂപ വർധന. കേന്ദ്രസർക്കാർ വിഹിതം 202 രൂപയായി ഉയർത്തി. ഇതുവഴി വ്യക്തിഗത വാർഷിക വരുമാനത്തിൽ 2000 രൂപയുടെ വർധന.

English Summary: Government of India covid package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com