ADVERTISEMENT

ഇന്നലെ മുതൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണിത്. വാട്സാപ്പിൽനിന്നു വാട്സാപ്പിലേക്കു ഫോർവേഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും. ചൈനയിലെ വുഹാനിലാണല്ലോ കോവിഡ് 19ന്റെ തുടക്കം. അവിടെ ആദ്യം രോഗം ബാധിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടെന്നാണു വാർത്ത. യിൻ ദാവോ ടാങ് എന്ന യുവാവാണത്രേ, വൈറസ് ആദ്യം പിടികൂടിയ മനുഷ്യൻ. ഈ യുവാവിനു മൃഗങ്ങളും പക്ഷികളുമൊക്കെയായുള്ള ‘വിചിത്രവും അസ്വാഭാവികവു’മായ ബന്ധമാണ് വൈറസ് പിടികൂടാൻ കാരണമെന്നും വാർത്തയിൽ പറയുന്നു. ഇയാളുടെ പിതാവ് യിൻ ജിങ് സിങ് ടാങ് ഇതു സ്ഥിരീകരിക്കുന്നതായും വാ‍ർത്തയിലുണ്ട്.

വേൾഡ് ന്യൂസ് ഡെയ്‌ലി റിപ്പോർട്ട് എന്ന വെബ്സൈറ്റിലാണ് ഈ വാർത്ത വന്നിരിക്കുന്നത്. കണ്ടാൽ, സംഗതി അങ്ങേയറ്റം വിശ്വസനീയം. രോഗിയുടെയും അച്ഛന്റെയും പടം പോലുമുണ്ട്. എന്നാൽ, സംഗതി ശുദ്ധ അസംബന്ധമാണ്. ഫലിതമെന്ന പേരിൽ വ്യാജവാർത്തകൾ കൊടുക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഒരു ‘സറ്റയർ’ വെബ്സൈറ്റാണിത്. ഇതിൽ വരുന്ന വാർത്തകളെല്ലാം സാങ്കൽപികമാണ്. വാർത്തയ്ക്കൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങളും മറ്റു പലയിടത്തുനിന്നും അടിച്ചുമാറ്റിയവയാണ്.

വാട്സാപ്പിലും മറ്റും ഫോർവേഡ് ചെയ്തുവരുന്ന പല വാർത്താ ലിങ്കുകളും ഇത്തരത്തിൽ വ്യാജമോ ഫലിതമോ ഒക്കെ ആകാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയിലും പുറത്തും ഇത്തരത്തിലുള്ള ഒരുപാട് ആക്ഷേപഹാസ്യ വാർത്താ സൈറ്റുകളുണ്ട്. പലതും നിഷ്കളങ്കവും തമാശ തോന്നുന്നതുമായിരിക്കും; എന്നാൽ, ചിലത് അങ്ങേയറ്റം അപകടകരവും.

ലോകം ഇപ്പോൾ കടന്നുപോകുന്നതു പോലുള്ള അവസ്ഥയിൽ ശരിയായ വാർത്തയും വിവരവും തന്നെയാണ് നമ്മൾ അറിയുന്നതും വിശ്വസിക്കുന്നതും പങ്കിടുന്നതും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏതു വാർത്ത ഫോർവേഡ് ചെയ്തു കിട്ടിയാലും അതിന്റെ സ്രോതസ്സു പരിശോധിച്ച ശേഷമേ വിശ്വസിക്കാവൂ. വിശ്വസനീയ സൈറ്റുകളിൽനിന്നുള്ള വാർത്തകളെ മാത്രം ആശ്രയിക്കുക. പിറ്റേന്നത്തെ അച്ചടിച്ച പത്രത്തിൽ ആ വാർത്തയുണ്ടോ എന്നു നോക്കുക. പത്രങ്ങളിൽ വരുന്ന വാർത്തകൾ പല തലത്തിൽ പരിശോധനകൾക്കു ശേഷം അച്ചടിക്കുന്നതാണ്. അതുകൊണ്ടുതന്നെ വിശ്വസനീയവും.

ഇതിനിടെ, പഴയൊരു വ്യാജൻ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നു. എല്ലാ വാട്സാപ് ഗ്രൂപ്പുകളും സർക്കാർ പരിശോധിക്കുന്നു, എല്ലാ മെസേജുകളും പൊലീസ് വായിക്കുന്നുണ്ട്, എല്ലാ അഡ്മിന്മാരും നിരീക്ഷണത്തിലാണ് എന്നൊക്കെയാണ് മെസേജിൽ പറയുന്നത്. ഇതു കുറെ വർഷങ്ങളായി, ഓരോ സീസണിലും കറങ്ങിയെത്തുന്ന വ്യാജസന്ദേശമാണ്. അങ്ങനെയൊരു നിരീക്ഷണവുമില്ല.നിരീക്ഷണമില്ല എന്നതു ശരിതന്നെ, പക്ഷേ അതുകൊണ്ടു വ്യാജവും അവിശ്വസനീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങളോ വിഡിയോകളോ പ്രചരിപ്പിക്കാമെന്നു കരുതരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com