ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ജനങ്ങളിൽ നിന്നു സംഭാവന സ്വീകരിക്കാൻ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ 3800 കോടി രൂപ ചെലവഴിക്കാതെ കിടക്കുമ്പോൾ ‘പിഎം കെയേഴ്സ്’ എന്ന പേരിൽ പ്രത്യേക നിധി രൂപീകരിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നു പാർട്ടി വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു.

ദുരിതാശ്വാസ നിധിയിലെത്തുന്ന തുക വിനിയോഗിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. അതിലേക്കു സംഭാവന നൽകുന്നവർക്കു നികുതിയിളവ് ലഭിക്കും. ഫണ്ട് കൈകാര്യം ചെയ്യുന്ന ട്രസ്റ്റിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ മാത്രമുള്ളതു ദുരൂഹമാണെന്നു കോൺഗ്രസ് വക്താവ് സൽമാൻ സോസ് ചൂണ്ടിക്കാട്ടി.

പ്രത്യേക നിധി രൂപീകരിച്ചതിനെ കഴിഞ്ഞ ദിവസം ശശി തരൂർ എംപി ചോദ്യം ചെയ്തിരുന്നു.

ഗുരുദ്വാരയിൽ തങ്ങിയ 205 പേരെ  ഒഴിപ്പിച്ചു

ന്യൂഡൽഹി ∙ മജ്നു കാടിലയിലെ ഗുരുദ്വാരയിൽ കഴിഞ്ഞിരുന്ന 205 പേരെ ഒഴിപ്പിച്ചു.  ലോക്ഡൗൺ തുടരുന്ന സാഹചര്യവും നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ രോഗം പടർന്നതും പരിഗണിച്ചാണ് ഇവ‌രെ നെഹ്റു വിഹാറിലെ സർക്കാർ സ്കൂളിലേക്കു മാറ്റിയത്. 

ലോക്ഡൗൺ മൂലം മടങ്ങാനാവാതെ ‌ഗുരു‌ദ്വാരയിൽ തങ്ങിയ പഞ്ചാബിൽ നിന്നും മറ്റുമുള്ള സിഖ് കുടുംബങ്ങളാണിതെന്നു ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്ര‍സിഡന്റ് മൻജീന്ദർ സിങ് സിർസ പറഞ്ഞു.

ദർഗയിൽ ജനക്കൂട്ടം; 5 പേർ അറസ്റ്റിൽ

ജയ്പുർ ∙ അജ്മേർ ജില്ലയിലെ സർവാഡ് ദർഗയിൽ കോവിഡ് വിലക്കു ലംഘിച്ച് ഒത്തുകൂടിയവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. നൂറിലേറെ പേരാണു പ്രത്യേക ചടങ്ങിനായി എത്തിയത്.  6 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

അജ്മേർ ദർഗയിൽനിന്നു സർവാഡിലെ ദർഗയിലേക്കു ചദ്ദർ സമർപ്പിക്കുന്ന വാർഷികച്ചടങ്ങിലേക്ക് 5 പേർക്കാണു പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ നൂറോളം പേർ കൂടി. ഇവരെ ലാത്തിവീശി പിരിച്ചയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com