ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ മുഴുവൻ ചികിത്സാ ഉപകരണങ്ങളെയും കേന്ദ്രം മരുന്നു പട്ടികയിൽ ഉൾപ്പെടുത്തി. വില നിയന്ത്രണം ഉറപ്പാക്കുകയാണു ലക്ഷ്യം. സിറിഞ്ച്, നീഡിൽ, കാർഡിയാക് സ്റ്റെന്റ്, ഡിജിറ്റൽ തെർമോമീറ്റർ, സിടി സ്കാൻ, എംആർഐ സ്കാൻ, ഡയാലിസിസ് മെഷീൻ തുടങ്ങിയവ പുതുതായി ഉൾപ്പെടുത്തി. മെഡിക്കൽ ഉപകരണങ്ങൾക്ക് ഒരു വർഷത്തിനിടെ 10 % വരെ മാത്രമേ വിലവർധന പാടുള്ളൂ.

ട്രെയിൻ, വിമാന ബുക്കിങ് തുടങ്ങി

ന്യൂഡൽഹി ∙ 15നു ശേഷമുള്ള യാത്രകൾക്ക് റെയിൽവേ  ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ചില സ്വകാര്യ എയർലൈനുകളും ബുക്കിങ് തുടങ്ങി. എന്നാൽ ഔദ്യോഗിക അറിയിപ്പ് റെയിൽവേയോ എയർലൈനുകളോ നൽകിയിട്ടില്ല. 

ആംബുലൻസുമായി  ഐഎംഎ

തിരുവനന്തപുരം ∙ രോഗികൾക്കും ബന്ധുക്കൾക്കും ആശുപത്രികളിലേക്കം തിരിച്ചും ആംബുലൻസ് സേവനമൊരുക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് രോഗികൾക്കു സൗജന്യം; മറ്റുള്ളവർക്കു കുറഞ്ഞ നിരക്ക്. ഫോൺ: 91 ‌88 100 100.

കേരള പൊലീസ്, ഡോ. രമേഷ് കുമാർ ഫൗണ്ടേഷൻ, സ്വകാര്യ ആംബുലൻസ് അസോസിയേഷൻ (എഒഡിഎ, കെഎഡിടിഎ) എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലുള്ള സംരംഭത്തിൽ 1500 ആംബുലൻസുകളുണ്ട്.

ചെറിയ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിന് 500 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണു നിരക്ക്; വലിയ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിന് 600 രൂപ, തുടർന്ന് കിലോമീറ്ററിന് 20 രൂപ.

വൈറസേ വിട!

ന്യൂഡൽഹി ∙ കൊറോണ ‍ഉൾപ്പെടെയുള്ള വൈറസുകളെ തുരത്തുന്ന ‘ആന്റി മൈക്രോബിയൽ കോട്ടിങ്’ വികസിപ്പിച്ചെന്നു കേന്ദ്രം. ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റേതാണു കണ്ടെത്തൽ. തുണി, പ്ലാസ്റ്റിക് അടക്കമുള്ളവയിൽ ഇതു സ്പ്രേ ചെയ്തു വൈറസുകളെ ഇല്ലാതാക്കാം. 

ഇൻഫ്ലുവൻസ വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയ്ക്കെതിരെ ഫലപ്രദമായ കോട്ടിങ്ങാണിത്. ലാബ് പരിശോധന വിജയമാണ്. വൈകാതെ മെഡിക്കൽ ഉപകരണങ്ങൾ, ഗ്ലൗസ്, മാസ്ക് തുടങ്ങിയവയിൽ പരീക്ഷിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com