ADVERTISEMENT

ന്യൂഡൽഹി ∙ രോഗവ്യാപന സാധ്യതയേറിയ കൂടുതൽ സ്ഥലങ്ങളിൽ ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. സ്ഥിതി രൂക്ഷമായ 10 സ്ഥലങ്ങളെ നേരത്തെ, ഹോട്സ്പോട്ടായി നിശ്ചയിച്ചു നടപടി തുടങ്ങിയതിനു പിന്നാലെ 24 സ്ഥലങ്ങളെ കൂടി ആ ഗണത്തിൽ പെടുത്തി. പുതിയ പട്ടികയിൽ കോഴിക്കോടും മലപ്പുറവും പാലക്കാടുമുണ്ട്. 

തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നടപടി തുടങ്ങി. technicalquery.covid19@gov.in എന്ന വിലാസത്തിൽ കോവിഡുമായി ബന്ധപ്പെട്ട ഏതു വിവരവും തേടാം. എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും മുഴുവൻ സമയവും ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിലേക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകാൻ മാത്രം 74 വിമാനങ്ങളാണ് വ്യോമയാന മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. ലൈഫ് ലൈൻ ഉഡാൻ എന്നു പേരിട്ടിരിക്കുന്ന വിമാനങ്ങൾ ഇതേവരെ 37.63 ടൺ ചരക്ക് എത്തിച്ചു. 

ഐഐടികളിലുള്ള വിദ്യാർഥികളെയും ജീവനക്കാരെയും ക്യാംപസിൽ തന്നെ സുരക്ഷിതരായി താമസിപ്പിക്കാൻ ഡയറക്ടർമാർക്കു മാനവശേഷി മന്ത്രാലയം നിർദേശം നൽകി. 

മഹാരാഷ്ട്രയിൽ 7 മരണം കൂടി 

ഏഴു പേർ കൂടി മരിച്ചതോടെ കോവിഡ് പ്രതിരോധം ശക്തമാക്കി മഹാരാഷ്ട്ര. അന്ധേരിക്കടുത്ത് സാക്കിനാക്കയിൽ 63 വയസ്സുള്ള തലശ്ശേരി സ്വദേശി ഉൾപ്പെടെ 6 പേരാണ് ഇന്നലെ മരിച്ചത്. ധാരാവിയിൽ രാത്രി വൈകി ഒരാൾ മരിച്ചു. ഇവർക്ക് എങ്ങനെയാണ് രോഗം പിടിപിട്ടതെന്നു കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ മരണം 17 ആയി. 

ഇന്നലെ 18 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ രോഗബാധിതർ 322. കൂടുതൽ മുംബൈയിലാണ്– 167. മധ്യറെയിൽവേയും പശ്ചിമ റെയിൽവേയും ചേർന്ന് 900 കോച്ചുകളിൽ ഐസലേഷൻ സംവിധാനം ഒരുക്കും. 

തമിഴ്നാട്ടിൽ ഇന്നലെ മാത്രം 110 പേർക്ക് രോഗം കണ്ടെത്തി. എല്ലാവരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ. ഇതോടെ ആകെ രോഗികൾ 234.  

മലയാളി ഉൾപ്പെടെ 9 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ രോഗബാധിതർ 110. ജർമനിയിൽ നിന്ന് അബുദാബി വഴി 21ന് ബെംഗളൂരുവിലെത്തിയ എറണാകുളം ഇടക്കൊച്ചി സ്വദേശിയായ 63 വയസ്സുകാരനാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇയാൾ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന 3 പേർ ദേവനഹള്ളി ആകാശ് മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിൽ. 7 മലയാളികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 

ലോക്‌ഡൗൺ അവസാനിക്കുന്ന 14നു ശേഷം കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് ഉറപ്പാക്കാൻ വൻ തിരക്ക്. 15നു ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com