ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ സാമ്പത്തിക പാക്കേജ് പോരെന്നും 6 ലക്ഷം കോടി രൂപയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിക്കണമെന്നും കോൺഗ്രസ്. ലോക്ഡൗൺ അനിവാര്യമായിരുന്നെങ്കിലും നടപ്പാക്കിയതിലെ പിഴവുമൂലം പരിഭ്രാന്തിയും ദുരിതവുമുണ്ടായതായി അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ഭക്ഷണമില്ലാതെ ലക്ഷക്കണക്കിനു തൊഴിലാളികൾ ഗ്രാമങ്ങളിലേക്കു നടക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്നും വിഡിയോ കോൺഫറൻസ് വഴി ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ അവർ പറഞ്ഞു. ആദ്യമായാണു പ്രവർത്തകസമിതി വിഡിയോ കോൺഫറൻസ് വഴി ചേർന്നത്.

പ്രവർത്തക സമിതി മുന്നോട്ടുവച്ച മറ്റു നിർദേശങ്ങൾ:

പൊതു മിനിമം ദുരിതാശ്വാസ പദ്ധതി വേണം.

നിർധനർക്ക് 7500 രൂപ വീതം അനുവദിക്കുക.

കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും സഹായ പദ്ധതി വേണം.

ചരക്കുനീക്കം സുഗമമാക്കുക.

സാമ്പത്തിക മേഖലയെ കരകയറ്റാൻ രാജ്യാന്തര വിദഗ്ധരുടെ സഹായം തേടുക. കർമസമിതിക്കു രൂപം നൽകുക.

കോവിഡ് പ്രതിരോധത്തിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക.

ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടത്ര സുരക്ഷാ കിറ്റുകൾ ഉടൻ ലഭ്യമാക്കുക.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിനു മേൽനോട്ടം വഹിച്ചു. ഡോ. മൻമോഹൻ സിങ്, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരുൾപ്പെടെ 54 പേർ പങ്കെടുത്തു.

- 21 ദിവസം ലോക്ഡൗൺ മതിയായേക്കില്ല. പ്രായമായവരെയും രോഗികളെയും കാക്കാൻ നടപടി വേണം. ജനങ്ങൾക്കിടയിൽ വ്യാപക രോഗപരിശോധന നടത്തണം.

∙ രാഹുൽ ഗാന്ധി.

- അതിഥി തൊഴിലാളികളോട് യുപി സർക്കാർ ക്രൂരമായാണു പെരുമാറിയത്. അവർക്കു മേൽ കീടനാശിനി അടിക്കുന്ന സ്ഥിതി വരെയുണ്ടായി.  

∙ പ്രിയങ്ക ഗാന്ധി

കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു: അമിത് ഷാ

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.

ലോക്‌ഡൗൺ നടപ്പാക്കിയ രീതിയെയും സാമ്പത്തിക പാക്കേജിനെയും കോൺഗ്രസ് വിമർശിച്ചിരുന്നു. കോവിഡിനെ ചെറുക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ മികച്ച പ്രവർത്തനമാണു നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com