ADVERTISEMENT

ന്യൂഡൽഹി ∙ നിസാമുദ്ദീനിലെ ‌തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം രാജ്യത്തു തുടരുന്ന വിദേശികളെ മടക്കി അയയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമമാരംഭിച്ചു. വൈദ്യ പരിശ‌ോധനയിൽ രോഗമില്ലെന്നു കണ്ടെത്തുന്നവരെ എത്രയും വേഗം തിരികെ അയയ്ക്കും. ഇതു സംബന്ധിച്ച നിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേ‍ശങ്ങൾക്കും നൽകി. 

വിദേശ സംഘങ്ങൾ രാജ്യത്തെ പല ഉൾപ്രദേശങ്ങളിലേക്കും യാത്ര ചെയ‌്തിട്ടുണ്ടെന്നും ഇതു രോഗവ്യാപനത്തിനു കാരണമാകാമെന്നുമാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയിൽ നിന്നുള്ള ത‌ബ്‌ലീഗ് പ്രവർത്തകർ മലേഷ്യയിൽ ഫെ‌ബ്രുവരി 27 മുതൽ മാർച്ച് 1 വരെ നടന്ന പരിപാടിയിലും പങ്കെടുത്തിരുന്നു. ഇവരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലേഷ്യയിൽ നിന്നെത്തിയ എല്ലാവരെയും അടിയന്തര പരിശോധനയ്ക്കു വിധേയമാക്കാനാണു നി‌‌‌ർദേശം. 

അതേസമയം, സമ്മേളനത്തിൽ പങ്കെടുത്തവർ മടങ്ങിയ 5 ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങൾ സമാഹരിക്കാൻ റെയിൽവേയും നടപടികൾ തുടങ്ങി. കഴിഞ്ഞ മാസം 13 –19 ൽ ഡൽഹിയിൽ നിന്നു പുറപ്പെട്ട 5 ട്രെയിനുകളിലെ യാത്രക്കാരെ കണ്ടെത്താനുള്ള ശ്ര‌മമാണു നടക്കുന്നത്.

∙ ഡൽഹി–ഗുണ്ടൂർ തുരന്തോ എക്സ്പ്രസ്: രോഗം സ്ഥിരീകരിച്ച 2 പേർ സമ്മേ‌ളനശേഷം 18നു എസ്‍8 കോച്ചിൽ 2 സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ചു.

∙ ഡൽഹി– ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്: രോഗം സ്ഥിരീകരിച്ച 2 പേർ 2 കുട്ടികൾക്കൊപ്പം എസ്3 കോച്ചിൽ സഞ്ചരിച്ചു.

∙ ഡൽഹി– ചെന്നൈ തമിഴ്നാട് എക്സ്പ്രസ്: ഒന്നിലേറെ രോഗികൾ യാത്ര ചെയ്തു.

∙ ന്യൂഡൽഹി– റാഞ്ചി രാജധാനി എക്സ്പ്രസ്: 16നു പുറപ്പെട്ട ട്രെയിനിന്റെ ബി1 കോച്ചിൽ സഞ്ചരിച്ച മലേഷ്യൻ വനിതയ്ക്കു രോഗം കണ്ടെത്തിയിരുന്നു. ഈ കോച്ചിൽ മറ്റ് 60 യാത്രക്കാർ കൂടി.

∙ സമ്പർക് ക്രാന്തി എക്സ്പ്രസ്: തബ്‍ലീഗ് സമ്മേളനത്തിനെത്തിയ 10 ഇന്തൊനീഷ്യക്കാർ 13നു ഈ ട്രെയിനിൽ ആന്ധ്രയിലേക്കു പോയി. ഇവരിൽ പലർക്കും രോഗം.

അജിത് ഡോവലും ഇടപെട്ടു

ന്യൂഡൽഹി ∙ മസ്ജിദിൽ താമസിച്ചിരുന്ന 2361 തബ്‌ലീഗ് പ്രതിനിധികളെ ക്വാറന്റീൻ ചെയ്യാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇടപെട്ടുവെന്ന് വിവരം. ക്വാറന്റീൻ ചെയ്യണമെന്ന ഡൽഹി പൊലീസിന്റെയും സുരക്ഷാ ഏജ‍ൻസികളുടെയും ആവശ്യം  നിരസിക്കപ്പെട്ടപ്പോൾ, ഞായറാഴ്ച പുലർച്ചെ 2നു ഡോവൽ നേരിട്ടെത്തി. മസ്‌ജിദിൽ താമ‌സിച്ചിരുന്ന 167 പേരെ രോഗലക്ഷണങ്ങളോടെ 26,27 തീയതികളിൽ ആശുപത്രിയിൽ പ്രവേശിപ്പി‌ച്ചെങ്കിലും മറ്റുള്ളവർ വിസമ്മതിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com