ADVERTISEMENT

ന്യൂഡൽഹി ∙ ലോക്ഡൗൺ അവസാനിച്ചാൽ ജനങ്ങൾ നിയന്ത്രിത രീതിയിൽ പുറത്തിറങ്ങുന്നതിന് പൊതുനയം വേണമെന്നും സംസ്ഥാനങ്ങൾ ആശയങ്ങൾ അറിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗൺ കഴിഞ്ഞ ശേഷവും സഞ്ചാര നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിർദേശം

. ഈ മാസം 14നു ലോക്ഡൗൺ പിൻവലിക്കുന്നതോടെ ആളുകൾ തള്ളിക്കയറുന്നതു നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

കോവിഡ് പ്രതിസന്ധി രൂപപ്പെട്ടശേഷം ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുമായി വിഡിയോ ചർച്ച നടത്തുന്നത്.

ആഗോള സ്ഥിതി ആശാവഹമല്ലെന്നും ചില രാജ്യങ്ങളിൽ രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം സൂചിപ്പിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ജീവിതരീതിക്കുതന്നെ ഭീഷണിയാവുകയാണ്. ജീവഹാനി പരമാവധി കുറയ്ക്കുകയെന്നതാണ് രാജ്യത്തിന്റെ പൊതു ലക്ഷ്യം. പരിശോധന, വൈറസ് ബാധിതരെ കണ്ടെത്തൽ, ക്വാറന്റീൻ തുടങ്ങിയവയിൽ ശ്രദ്ധയൂന്നണം.

ജില്ലകളിൽ പ്രതിസന്ധി മാനേജ്മെന്റ് സംഘത്തെയും നിരീക്ഷണ ഉദ്യോഗസ്ഥനെയും നിയോഗിക്കണം. കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. ആയുഷ് സമ്പ്രദായങ്ങളിലെ ഡോക്ടർമാരെയും ഉപയോഗിക്കണം. പാരാ മെഡിക്കൽ മേഖലയിലുള്ളവരുടെയും എൻസിസി കെഡറ്റുകളുടെയും എൻഎസ്എസ് വൊളന്റിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തണം. കോവിഡ് രോഗികൾക്കു മാത്രമായുള്ള ആശുപത്രികൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗൺ കർശനമായി നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ചവരുത്തരുതെന്ന് ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദേശം ഇന്ന് 9ന്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാവിലെ 9ന് വിഡിയോ സന്ദേശം നൽകും. മോദി ട്വിറ്ററിലൂടെയാണ് ഇതു പ്രഖ്യാപിച്ചത്. 

ജൻധൻ:  500 രൂപ ഇന്നു മുതൽ

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ടുകളിൽ കേന്ദ്രം ലഭ്യമാക്കുന്ന പണത്തിന്റെ ഈ മാസത്തെ ഗഡുവായ 500 രൂപ ഇന്നു മുതൽ പിൻവലിക്കാം. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കമനുസരിച്ചാണു വിതരണം. 

∙ 0,1: ഇന്ന് ∙ 2, 3: ഏപ്രിൽ 4

∙ 4, 5: ഏപ്രിൽ 7 ∙ 6, 7: ഏപ്രിൽ 8

∙ 8, 9: ഏപ്രിൽ 9

തുടർന്നുള്ള ദിവസങ്ങളിൽ ഈ നിയന്ത്രണമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com