ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനു വിദ്യാർഥികളും വിമുക്ത ഭടന്മാരും അടക്കമുള്ളവരെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. വിവിധ ഘട്ടങ്ങളിൽ‌ ഓരോ ചുമതലയിലേക്കും പരിഗണിക്കാവുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾക്കു നൽകി. ഇവർക്ക് ഓൺ‌ലൈൻ പരിശീലനവുമുണ്ടാകും.

ഫീൽഡ്തല മേൽനോട്ടത്തിന് ആയുഷ്, വെറ്ററിനറി ഡോക്ടർമാർ തുടങ്ങി വിമുക്തഭടന്മാരും എൻസിസി, എൻഎസ്എസ് വൊളന്റിയർമാർ വരെയാകാം. സാംപിൾ കലക്‌ഷന് ബിഎസ്‌സി, എംഎസ്‌സി മൈക്രോബയോളജി വിദ്യാർഥികളെ നിയോഗിക്കാം. ഐസലേഷൻ കേന്ദ്രങ്ങളിൽ ഡോക്ടർമാർക്കൊപ്പം, മെഡിക്കൽ ഇന്റേൺഷിപ് ചെയ്യുന്നവരെയും അവസാന വർഷ എംബിബിഎസ്, ബിഎസ്‌സി, എംഎസ്‌സി നഴ്സിങ് വിദ്യാർഥികളെയും ചുമതലപ്പെടുത്താം. തീവ്രപരിചരണ വിഭാഗത്തിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർക്കൊപ്പം മെഡിക്കൽ പിജി ഡിപ്ലോമ അവസാന വർഷ വിദ്യാർഥികളെയും ആശുപത്രിയിലെ കോവിഡ് രഹിത മേഖലയിൽ വിരമിച്ച നഴ്സുമാർ, ഡോക്ടർമാർ എന്നിവരെയും നിയോഗിക്കാം.

സ്ഥല നിരീക്ഷണം, കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തൽ, സാംപ്ലിങ്, പാക്കേജിങ്, ആശുപത്രി ജോലികൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, വെന്റിലേറ്റർ മാനേജ്മെന്റ്, ക്വാറന്റീൻ, ഐസലേഷൻ മുറികളിലെ പ്രവർത്തനം, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയ ജോലികൾക്കു വേണ്ടവരെയാണു കേന്ദ്രം തരംതിരിച്ചിരിക്കുന്നത്. പരിശീലന പരിപാടി ഏകോപിപ്പിക്കാൻ സംസ്ഥാനങ്ങൾ നോഡൽ ഓഫിസർമാരെ നിയോഗിക്കണം.

വിമുക്ത ഭടൻമാർ സജീവം

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ 6 സംസ്ഥാനങ്ങളിൽ വിമുക്ത ഭടൻമാർ രംഗത്ത്.  പഞ്ചാബ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണു വിമുക്ത ഭടൻമാരുടെ സേവനം ലഭ്യമാക്കിയത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ വിമുക്ത ഭടൻമാർക്കായുള്ള ക്ഷേമ ബോർഡ് വഴിയാണു സേവനം ഉപയോഗിക്കുന്നത്.

സേനയിൽ നിന്നു വിരമിച്ച ഡോക്ടർമാരെ ആശുപത്രികളിൽ നിയോഗിക്കും. ലോക്ഡൗൺ നടപ്പാക്കുന്നതിനു സംസ്ഥാന പൊലീസിനെ സഹായിക്കാനും വിമുക്ത ഭടൻമാരെ ഉപയോഗിക്കും. രോഗികളുടെ വിവരശേഖരണത്തിനുള്ള കൺട്രോൾ റൂമുകളുടെ ചുമതലയും നൽകി.

വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വിമുക്ത ഭടൻമാരെ രംഗത്തിറക്കിയേക്കും. സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരമാണ് ഇവരെ ലഭ്യമാക്കുക. കേരളത്തിൽനിന്ന് അപേക്ഷ ലഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com