ADVERTISEMENT

ന്യൂഡൽഹി ∙ നിസാമുദ്ദീൻ ‌തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 2 പേർകൂടി കോവിഡ് ബാധിച്ചു ഡൽഹിയിൽ മരിച്ചു. സമ്മേളനത്തിൽ പ‌ങ്കെടുത്തവരിൽ നാനൂറിലേറെപ്പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പ‌ങ്കെടുത്തവരും സമ്പർക്കം പുലർത്തിയവരുമായി ഒൻപതിനായിരത്തോളം പേർ രാജ്യത്താകെ നിര‌ീക്ഷണത്തിലുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. തമിഴ്നാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 75ൽ 74 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

960 വിദേശികളുടെ വീസ റദ്ദാക്കി

ന്യൂഡൽഹി ∙  നിസാമുദ്ദീനിലെ അലാമാ മർകസ് ബംഗ്ലാവാലി പള്ളിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 960 വിദേശികളുടെ വീസ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇവരെ വിലക്കുപട്ടികയിലാക്കി. വിനോദസഞ്ചാരി വീസയിലെത്തി മതസമ്മേളനത്തിൽ പങ്കെടുത്തുവെന്നതാണു കുറ്റം. 

സൗദി അറേബ്യ, തായ്‌ലൻഡ് , മലേഷ്യ, ഇന്തൊനീഷ്യ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. ഭൂരിഭാഗം പേരും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലാണ്; കുറേപ്പേർ കോവിഡ് ബാധിച്ച് ക്വാറൻറീനിലും. ഡൽഹി പൊലീസ് കമ്മിഷണർക്കും വിവിധ സംസ്ഥാന ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച സന്ദേശത്തിൽ ഇവർക്കെതിരെ നിയമനടപടിക്കു നിർദേശിച്ചു. 

അതിനിടെ, സമ്മേളനത്തിൽ പങ്കെടുത്ത ഡൽഹിക്കാരായ 47 പേർക്കും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. യുപിയിൽ 569 പേരാണു നി‌രീക്ഷണത്തിലുള്ളത്; ഇതിൽ 218 പേർ വിദേശികൾ. തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാനാ സാദ് (56) യുപിയിൽ ഒളിവ‌ിലാണെന്നു ഡൽഹി പൊലീസ് പറഞ്ഞു. താൻ ഹോം ക്വാറന്റീനിലാണെന്ന അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.  സമ്മേളനത്തിൽ പങ്കെടുത്തവരിലെ കോവിഡ് ബാധിതർ (ആരോഗ്യവകുപ്പിന്റെ കണക്ക്):  തമിഴ്നാട്– 173, ആന്ധ്ര– 67, ഡൽഹി– 47, തെലങ്കാന– 33, ജമ്മു– 22, അസം– 16, രാജസ്ഥാൻ– 11, ആൻഡമാൻ– 9,     പുതുച്ചേരി– 2.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com