ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പശ്ചാത്തലത്തിൽ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ വെബ് പോർട്ടൽ. സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്കു സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിലൂടെ കൈകാര്യം ചെയ്യണം.

വ്യാജവാർത്തകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നടപടിയെന്നാണു വിശദീകരണം. കോവിഡ് പ്രതിരോധ നടപടികൾ സർക്കാർ കൈക്കൊള്ളുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി കേന്ദ്രം കരുതുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു.

ലോക്ഡൗൺ നിബന്ധനകൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തിലുണ്ട്.

യാഥാർഥ്യമറിയാൻ പിഐബി പോർട്ടൽ

വാർത്തകളുടെ ഔദ്യോഗിക വിശദീകരണത്തിനും പ്രചാരണങ്ങളുടെ വസ്തുത പരിശോധിക്കുന്നതിനും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പോർട്ടൽ ആരംഭിച്ചു. സ്ഥീകരിക്കരിക്കേണ്ട വിവരം pibfactcheck@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അറിയിച്ചാൽ ഔദ്യോഗിക വിശദീകരണം ലഭിക്കും. എല്ലാ ദിവസവും കോവിഡ് സംബന്ധിച്ച് ബുള്ളറ്റിനും പിഐബി ഇറക്കും. പിഐബിയുടെ വെബ്സൈറ്റിൽ ഇതിന്റെ ലിങ്ക് ലഭ്യമാണ്.

ശിക്ഷകളെപ്പറ്റി പ്രചാരണം

ന്യൂഡൽഹി ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാലുള്ള ശിക്ഷകളെപ്പറ്റി വ്യാപക പ്രചാരണം നടത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഇന്ത്യൻ ശിക്ഷാനിയമത്തിനു പുറമേ ദുരന്ത നിവാരണ നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടു.

പനി കണ്ടെത്താൻ തെർമൽ സ്കാനറുമായി നാവികസേന

ന്യൂഡൽഹി ∙ ദേഹത്തു തൊടാതെ ശരീരോഷ്മാവ് കണ്ടെത്തുന്ന തെർമൽ സ്കാനർ വികസിപ്പിച്ച് നാവികസേന. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിനു പിന്നാലെയാണ്, സേനയുടെ പടിഞ്ഞാറൻ കമാൻഡിലെ സാങ്കേതിക വിദഗ്ധർ സ്കാനർ ഒരുക്കിയത്.

കമാൻഡിലെ അംഗങ്ങളെ ഇതുപയോഗിച്ചു പരിശോധിക്കും. വരുംദിവസങ്ങളിൽ സ്കാനർ ഉൽപാദനം വർധിപ്പിച്ച് കര, നാവിക, വ്യോമ സേനാ ആശുപത്രികളിലും സംസ്ഥാന സർക്കാരുകൾക്കും ലഭ്യമാക്കും.

കമാൻഡ് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിൽ കോവിഡ് പിടിമുറുക്കുന്നതിനാൽ, അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനു തയാറാകാൻ സേനാംഗങ്ങൾക്കു പ്രതിരോധ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിനു സംസ്ഥാന സർക്കാരിനെ സഹായിക്കാനും സേന സജ്ജം. കമാൻഡിനു കീഴിലെ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്.

രാഷ്ട്രപതിയുടെ ചർച്ച ഇന്ന്

ന്യൂഡൽഹി ∙ രാഷ്ട്രപതി റാം നാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ഇന്നു വിഡിയോ കോൺഫറൻസ് നടത്തും. കോവിഡ് പ്രതിരോധ നടപടികളാണു ചർച്ച ചെയ്യുന്നത്. കഴിഞ്ഞ 27നു 15 സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ചർച്ച നടത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com