ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനുള്ള അടിയന്തര സഹായമായി ലോക ബാങ്ക് ഇന്ത്യയ്ക്ക് 100 കോടി ഡോളർ (7621 കോടി രൂപ) അനുവദിച്ചു. ആരോഗ്യ മേഖലയെ സജ്ജമാക്കാനും പൊതു ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കുമാണിത്. ആരോഗ്യരംഗത്ത് ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയ സഹായമാണിതെന്നു ലോക ബാങ്ക് കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു.

സഹായത്തിൽ 35 കോടി ഡോളർ (2668 കോടി രൂപ) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. ദേശീയ ആരോഗ്യ മിഷൻ, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഐസിഎംആർ എന്നിവയാണ് ഇതു കൈകാര്യം ചെയ്യുക. പകർച്ചവ്യാധികളെ നേരിടാനുള്ള ദീർഘകാല പ്രവർത്തനങ്ങൾ കൂടി ഉദ്ദേശിച്ചാണു ബാക്കി സഹായം.

കോവിഡ് ബാധിതരുടെ ചികിത്സ, രോഗസാധ്യതയുള്ളവരുടെ സംരക്ഷണം, പരിശോധനാ സംവിധാനങ്ങൾ, ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ ഉപകരണങ്ങൾ, മൃഗസംരക്ഷണം എന്നിവയ്ക്കാണു തുക വിനിയോഗിക്കുക. ജില്ലാതലത്തിൽ ആശുപത്രികളിൽ ഐസലേഷൻ വാർഡുകൾ, വെന്റിലേറ്ററുകൾ, ബയോ സേഫ്റ്റി ലാബുകൾ എന്നിവ സജ്ജീകരിക്കാനും ലക്ഷ്യമിടുന്നു.

40 രാജ്യങ്ങൾക്കായി 1400 കോടി ഡോളർ സഹായം പ്രഖ്യാപിച്ചതിൽ കൂടുതൽ ഇന്ത്യയ്ക്കാണു ലഭിച്ചത്. പാക്കിസ്ഥാന് 20 കോടി ഡോളറും ശ്രീലങ്കയ്ക്ക് 12 കോടി ഡോളറും ലഭിക്കും.

English Summary: World bank gives 7621 crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com