ADVERTISEMENT

ന്യൂഡൽഹി ∙ ലോക്‌ഡൗണിനു ശേഷം ഈ മാസം 15ന് രാജ്യത്തിന്റെ വാതിലുകൾ പരിമിതമായി തുറക്കാൻ കേന്ദ്രസർക്കാർ തയാറാക്കുന്ന പദ്ധതിയെക്കുറിച്ച് കേന്ദ്ര മന്ത്രിമാരുടെ തലത്തിൽ ചർച്ചകൾ സജീവമായി. ഷോപ്പിങ് മാളുകളും സിനിമാ ശാലകളുമുൾപ്പെടെ ജനം കൂട്ടംകൂടുന്ന സ്ഥലങ്ങൾ അടഞ്ഞു കിടക്കുക, ട്രെയിൻ യാത്രയ്ക്ക്, യാത്രയുടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാന പരിഗണനയിലുള്ളത്. പൂർണ ലോക്ഡൗൺ 14ന് അവസാനിപ്പിക്കുക; ചില നിയന്ത്രണങ്ങൾ തുടരുക രീതിയിലാണ് ഇപ്പോൾ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ഥിതി മോശമായാൽ ഇതിൽ മാറ്റം വരാം.

 പഠനം, പരീക്ഷ

കോഴ്സുകൾക്ക് പ്രവേശന പരീക്ഷകളും പ്രവേശന നടപടികളും കഴിവതും ഓൺലൈൻ സംവിധാനത്തിലൂടെയാക്കുക. സ്കൂളുകളും കോളജുകളും തുറക്കുന്നതിനെക്കുറിച്ച് 14ന് തീരുമാനിക്കും. 

ആരാധനാലയങ്ങളിൽ  നിയന്ത്രണം

ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ദേവാലയങ്ങളിലും മറ്റും പതിവു പ്രാർഥനകൾക്ക് ജനം എത്തുന്നതിന് നിയന്ത്രണം. അടിയന്തര ചടങ്ങുകൾ അനുവദിച്ചാലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക.

യാത്രയ്ക്ക് വ്യവസ്ഥ, മാസ്ക്

ട്രെയിനുകളിലും ബസുകളിലും കർശന വ്യവസ്ഥകളോടെ യാത്രാനുമതി. യാത്രക്കാർക്ക് മാസ്ക് നിർബന്ധം. ബസ് സ്റ്റാൻഡുകളിലും റെയിൽവെ സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും തെർമൽ സ്ക്രീനിങ് കർശനമാക്കുക. ട്രെയിനിൽ സീറ്റ് റിസർവ് ചെയ്തുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കാരണം വ്യക്തമാക്കുക. 

വിമാനം വൈകും

രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ ഉടനെ പൂർണതോതിലാക്കേണ്ടതില്ല. വിദേശത്തുനിന്നെത്തുന്നവർ ക്വാറന്റീനിൽ പോകണമെന്നു വ്യവസ്ഥയുണ്ട്, പല രാജ്യങ്ങളിലും രോഗ ഭീഷണി ശക്തമാണ് – ഈ സ്ഥിതിയിൽ തൽക്കാലം യാത്രക്കാർ കുറവായിരിക്കുമെന്നും വിലയിരുത്തൽ. 

ഷോപ്പിങ്, സിനിമ

ഷോപ്പിങ് മാളുകളും സിനിമാ ശാലകളും മാത്രമല്ല, അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകളും അടച്ചിടുന്നതു തുടരുക. അതീവ ഗുരുതര ഗണത്തിലുള്ള സ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്കു കർശന നിയന്ത്രണം. 

ഡോക്ടർ വീട്ടിലേക്ക്

കോവിഡ് അല്ലാത്ത പ്രശ്നങ്ങളുള്ളവർ മൂലം ആശുപത്രികളിലുണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാൻ, ഡോക്ടർമാർ വീട്ടിലെത്തി രോഗിയെ പരിശോധിക്കുന്നതിനു സൗകര്യം.

കേന്ദ്രമന്ത്രിസഭായോഗം ഇന്ന്

നിയന്ത്രിത തോതിൽ ലോക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം സംസ്ഥാനങ്ങൾ അഭിപ്രായങ്ങൾ നൽകിത്തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഇന്നത്തെ പൂർണ മന്ത്രിസഭാ യോഗത്തിലും ബുധനാഴ്ച പാർലമെന്റിലെ പ്രധാന കക്ഷിനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ചർച്ചയിലും ലഭിക്കുന്ന അഭിപ്രായങ്ങളും വിലയിരുത്തും.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുന്നുണ്ട്.

സാമ്പത്തിക പ്രഖ്യാപനങ്ങൾ വന്നേക്കും

ന്യൂഡൽഹി ∙ ലോക്ഡൗണിനു ശേഷമുള്ള സ്ഥിതി നേരിടുന്നതിന് ധനമന്ത്രാലയം ചില നടപടികൾ പ്രഖ്യാപിച്ചേക്കും. നിലവിലെ ചില ക്ഷേമ പദ്ധതികൾ പുനഃക്രമീകരിക്കാൻ ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

ലോക്ഡൗൺ ഓരോ മേഖലയെയും ഏതു തോതിൽ ബാധിച്ചു, തിരിച്ചുപോക്കിന് എത്ര സമയമെടുക്കും, അതിന് എന്തൊക്കെ നടപടികൾ വേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷമേ ലോക്ഡൗണിനു ശേഷം ഉദ്ദേശിക്കുന്ന നടപടികൾ പ്രഖ്യാപിക്കൂ. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പല നടപടികളും 3 മാസത്തേക്കാണ്. ഈ കാലാവധി നീട്ടുന്നതുകൊണ്ടു ഗുണമുണ്ടോയെന്നും പഠിക്കും. 

പ്രതിദിന പരിശോധന 11,000 കടന്നു

ന്യൂഡൽഹി ∙ ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി കോവിഡ് പരിശോധന നടത്തുന്നില്ലെന്ന വിമർശനങ്ങൾക്കിടെ, രാജ്യത്തെ പ്രതിദിന പരിശോധനാ ശേഷി 11,000 ൽ അധികമായി. 134 കോടി ജനങ്ങളുള്ള രാജ്യത്ത് ഇതുവരെ എൺപതിനായിരത്തിൽപരം ആളുകൾക്കു മാത്രമേ പരിശോധന നടത്തിയിട്ടുള്ളൂ. 

ഐസിഎംആർ പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിൽ 2ന് 7900 പേരുടെ സാംപിളാണ് പരിശോധിച്ചത്. 

ഏപ്രിൽ 4ന് ഇത് 11,182 ആയി. അപ്പോഴും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ വളരെക്കുറച്ചുപേരെ മാത്രമേ ഇവിടെ പരിശോധിക്കുന്നുള്ളൂ. 

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവു മരണനിരക്ക് രേഖപ്പെടുത്തിയ ജർമനിയിൽ പ്രതിദിനം 2 – 4 ലക്ഷം പേരെ പരിശോധിക്കുന്നുണ്ട്. 

രണ്ടാം സാമ്പത്തിക പാക്കേജ് ‌ വേണം: എ.കെ. ആന്റണി

ന്യൂഡൽഹി ∙ ലോക്ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഉൾപ്പെടുത്തി രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയുടെ കത്ത്. 

രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിലുള്ള ഡോക്ടർമാർ, നഴ്സുമാർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവരെ പാക്കേജിൽ ഉൾപ്പെടുത്തണം. അതിഥി തൊഴിലാളികൾ, ദിവസ വേതനക്കാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട – ഇടത്തരം വ്യവസായികൾ, വ്യാപാരികൾ എന്നിവർക്കും സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

അവശ്യസാധന വിതരണം: ട്രക്ക് സർവീസ് ഉറപ്പാക്കണം

ന്യൂഡൽഹി∙ രാജ്യത്ത് അവശ്യസാധന വിതരണം ഉറപ്പാക്കാൻ ട്രക്ക് ഡ്രൈവർമാരും ഈ മേഖലയിലെ മറ്റു തൊഴിലാളികളും തൊഴിലിടങ്ങളിൽ എത്തുന്നുവെന്നു ഉറപ്പാക്കണമെന്നു കേന്ദ്രം സംസ്ഥാന സർക്കാരുകളോടു ആവശ്യപ്പെട്ടു. അവശ്യസാധന വിതരണം സുഗമമാക്കാനും ഏകോപിപ്പിക്കാനുമായി സംസ്ഥാന സർക്കാരുകൾ നോഡൽ ഓഫിസറെ നിയമിക്കണമെന്നു ഉപഭോക്തൃ കാര്യ സെക്രട്ടറി പവൻകുമാർ അഗർവാൾ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ നിർദേശിച്ചു. അവശ്യസാധന വിതരണം നടത്തുന്ന കമ്പനികൾക്ക് ഈ ഓഫിസർമാർ അനുമതിപത്രം നൽകണം. ഇതിന് ഉപഭോക്തൃ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഇ–പാസ് ഉപയോഗിക്കാമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com