ADVERTISEMENT

കൊൽക്കത്ത/ഭുവനേശ്വർ/തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടു വടക്കു പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ വൻ ചുഴലിക്കാറ്റ് ‘ഉംപുൻ’ ഇന്ന് ഉച്ചയ്ക്കു ശേഷമോ വൈകിട്ടോ ബംഗാളിൽ കര തൊടും. ബംഗാളിലെയും ഒഡീഷയിലെയും തീരദേശ ജില്ലകളിൽ നിന്ന് ലക്ഷക്കണക്കിനാളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റി. 

കേരളത്തിൽ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

വമ്പൻ ചുഴലിക്കാറ്റുകൾ ഏറ്റവും കൂടുതൽ തവണ രൂപം കൊണ്ടിട്ടുള്ള അപകട മേഖലയായി വീണ്ടും ബംഗാൾ ഉൾക്കടൽ മാറുമ്പോൾ ആശങ്കയോടെ ബംഗാളും ഒഡീഷയും. ‘സൂപ്പർ സൈക്ലോൺ’ ഉഗ്രത വിട്ട് ശക്തി അൽപം ക്ഷയിച്ചെങ്കിലും കാറ്റിന്റെ ഭീഷണി തുടരുകയാണ്.

കൊൽക്കത്ത ഉൾപ്പെടെ ബംഗാളിലെ പല പ്രദേശങ്ങളിലും ഒഡീഷയുടെ തീരമേഖലകളിലും മഴ തുടങ്ങി. ബംഗാളിൽ ഈസ്റ്റ് മേദിനിപുർ, സൗത്ത് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത എന്നിവിടങ്ങളിലും ഒഡീഷയിൽ ജഗത്‌സിങ്പുർ, കേന്ദ്രപറ, ഭദ്രക്, ജജ്പുർ, ബാലസോർ എന്നിവിടങ്ങളിലുമാണ് ഏറ്റവുമധികം നാശനഷ്ടം പ്രതീക്ഷിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. 

 ബംഗാളിൽ 3 ലക്ഷം പേരെയാണു മാറ്റിപ്പാർ‌പ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും ബംഗാളിലേക്കുള്ള ശ്രമിക് സ്പെഷൽ ട്രെയിനുകൾ ഒഴിവാക്കണമെന്നു റെയിൽവേയോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഒഡീഷയിൽ 11 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള തയാറെടുപ്പുകളാണു നടത്തുന്നത്. ബംഗ്ലദേശും തീരപ്രദേശങ്ങളിലുള്ള 20 ലക്ഷം പേരെ ഒഴിപ്പിക്കുന്നു

ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 520 കിലോമീറ്റർ തെക്കു മാറിയും ബംഗാളിലെ ദിഗയിൽ നിന്ന് 670 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയും ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ്, മധ്യ ഭാഗത്തായി കേന്ദ്രീകരിച്ചു നിലകൊണ്ട ചുഴലിക്കാറ്റ് മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വേഗം പ്രാപിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് തീരം തൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com