ADVERTISEMENT

ന്യൂഡൽഹി ∙ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയ്ക്കു ഛത്തീസ്ഗഡ് സർക്കാർ തുടക്കമിട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29–ാം ചരമവാർഷിക ദിനത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്കു നേരിട്ടു പണമെത്തിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമാക്കിയതിനു പിന്നാലെയാണ്, സ്വന്തം സർക്കാരുള്ള സംസ്ഥാനത്ത് കോൺഗ്രസ് പദ്ധതിക്കു തുടക്കമിട്ടത്.

നെല്ല്, ചോളം കർഷകർക്കു ഏക്കറിനു 10,000 രൂപ വീതവും കരിമ്പു കർഷകർക്കു 13,000 രൂപയും നൽകും. 4 ഗഡുക്കളായാണു വിതരണം ചെയ്യുക. നടപ്പു സാമ്പത്തിക വർഷം 19 ലക്ഷം കർഷകർക്കു പദ്ധതിയിലൂടെ പണമെത്തിക്കും. 5700 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ആദ്യ ഗഡുവിനാവശ്യമായ 1500 കോടി രൂപ ഇന്നലെ വിതരണം ചെയ്തതായും ബാഗൽ പറഞ്ഞു.

നെല്ല്, ചോളം, കരിമ്പ് എന്നിവ താങ്ങുവിലയുടെ അടിസ്ഥാനത്തിൽ കർഷകരിൽ നിന്നു സംഭരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ കാർഷിക വിളകളെയും ഉൾപ്പെടുത്തും.

സോണിയ വിളിച്ച പ്രതിപക്ഷ കക്ഷി നേതൃയോഗം ഇന്ന്

ന്യൂഡൽഹി ∙ ലോക്ഡൗൺ മൂലം അതിഥിത്തൊഴിലാളികൾ നേരിടുന്ന ദുരിതം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ ഇന്ന് മൂന്നിനു യോഗം ചേരും.

വിഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തിൽ മമത ബാനർജി (തൃണമൂൽ), ഉദ്ധവ് താക്കറെ (ശിവസേന), സീതാറാം യച്ചൂരി (സിപിഎം), ഡി. രാജ (സിപിഐ), ശരദ് പവാർ (എൻസിപി), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം) തുടങ്ങിയവരടക്കം 18 കക്ഷിനേതാക്കൾ പങ്കെടുക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

തൊഴിൽ നിയമങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളും ചർച്ചചെയ്യും. ഇതാദ്യമായാണു പ്രതിപക്ഷ കക്ഷികൾ വിഡിയോ കോൺഫറൻസിലൂടെ യോഗം ചേരുന്നത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസുമായി കൈകോർത്ത ശേഷം ആദ്യമായാണ് ഉദ്ധവ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുന്നത്. ശിവസേനാ എംപി: സഞ്ജയ് റാവുത്തും പങ്കെടുക്കും. പൗരത്വ നിയമം ചർച്ചചെയ്യാൻ ജനുവരിയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ സേന പങ്കെടുത്തിരുന്നില്ല.

സോണിയാ ഗാന്ധിക്കെതിരെ കേസ് 

ബെംഗളൂരു ∙ പിഎം കെയേഴ്സ് ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന് കോൺഗ്രസ് ട്വിറ്റർ പേജിൽ ആരോപിച്ചെന്ന പരാതിയിൽ, അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസ്. കഴിഞ്ഞ11ന് പ്രത്യക്ഷപ്പെട്ട ട്വീറ്റുകൾ രാജ്യത്തിനും പ്രധാനമന്ത്രിക്കും എതിരെയുള്ള അപവാദ പ്രചാരണമാണെന്നും ജനത്തെ ഇളക്കിവിടുന്നതിന്റെ ഭാഗമാണെന്നും ആരോപിക്കുന്ന ഹർജിയിലാണ് ശിവമൊഗ്ഗ സാഗർ പൊലീസ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com