ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ രാജ്യത്ത് കാൽലക്ഷത്തിലേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിയന്ത്രണ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. രാത്രി 7 മുതൽ രാവിലെ 7വരെയുള്ള കർഫ്യൂ പ്രധാന നടപടിയാണെന്നും അതിൽ പിഴവു പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറിമാരോടു നിർദേശിച്ചു.5 ദിവസത്തിനിടെ 26,419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 2 ദിവസം രോഗികളുടെ എണ്ണം 5000 കവിഞ്ഞു.

വിമാന, ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതിനാൽ രോഗവ്യാപനം ഇനിയും വർധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തികച്ചും ഒഴിവാക്കാനാവാത്ത യാത്രകൾ മാത്രമേ പാടുള്ളൂവെന്നും ഇതിനു ബോധവൽക്കരണ നടപടികൾ ആലോചിക്കുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ലോക്ഡൗൺ വ്യവസായ മേഖല സ്തംഭിപ്പിക്കുകയും അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചത് ക്രമസമാധാന പ്രശ്നമായി മാറുകയും െചയ്ത സ്ഥിതിയിലാണ് ട്രെയിൻ, ബസ് സർവീസുകളിൽ ഇളവുകൾ നൽകാൻ കേന്ദ്രം നിർബന്ധിതമായത്. എന്നാൽ, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സ്ഥിതി അൽപവും നിയന്ത്രണവിധേയമാകുന്നില്ല. കേരളത്തിലും പഞ്ചാബിലുമാണ് സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുള്ളത്. എന്നാൽ, രാജ്യത്ത് പൊതുവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം

ന്യൂഡൽഹി ∙ കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നത്:

∙ കർശന നിയന്ത്രണ മേഖലകൾ കൃത്യമായി വേർതിരിച്ച്, ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. ഇത് ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം.

∙ആഭ്യന്തര മന്ത്രാലയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ തയാറാക്കിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കണം.

∙രോഗവ്യാപനം തടയുന്നതിനും അകല വ്യവസ്ഥ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് രാത്രി കർഫ്യൂ നിർദേശിച്ചിട്ടുള്ളത്.

∙മാസ്ക്, തൊഴിൽ സ്ഥലത്തും പൊതു ഗതാഗതത്തിലും പൊതു സ്ഥലത്തും അകലം പാലിക്കൽ, ശുചിത്വം, ശുചീകരണം തുടങ്ങിയവ സുപ്രധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com