ADVERTISEMENT

ന്യൂഡൽഹി ∙ ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവ് ശക്തമായതിനു പിന്നാലെ, കോവിഡ് രഹിത ജില്ലകളിലും അപായ സൂചന. ഏപ്രിൽ 22 ന് രാജ്യത്ത് 300 കോവിഡ് മുക്ത ജില്ലകളുണ്ടായിരുന്നു. എന്നാൽ ഇവയിൽ 174 ഇടങ്ങളിൽ ഒരു കേസെങ്കിലും റിപ്പോർട്ട് ചെയ്തുവെന്നാണു കണക്ക്. യുപി, ബിഹാർ, മധ്യപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ജില്ലകളിലാണു പുതിയ കേസുകൾ കൂടുതൽ.

നോൺ ഹോട്സ്പോട്ട് മേഖലകളിലും രോഗം കൂടുന്നതിന്റെ സൂചനയുണ്ട്. നേരത്തേ 10ൽ താഴെ കേസുകൾ മാത്രമുണ്ടായിരുന്ന 200 ജില്ലകളുണ്ടായിരുന്നു. ഇവിടെ നിലവിൽ 40 കേസുകൾ വീതം ശരാശരിയുണ്ട്. 10–നും 50നും ഇടയിൽ കോവിഡ് രോഗികളുണ്ടായിരുന്ന 150 ജില്ലകളിൽ നിലവിൽ നൂറിനടുത്താണു രോഗികൾ.

ലോക്ഡൗൺ ഇല്ലായിരുന്നെങ്കിൽ രോഗികൾ 20 ലക്ഷം

ലോക്ഡൗൺ നടപ്പാക്കിയില്ലായിരുന്നെങ്കിൽ ഈ സമയം, രാജ്യത്ത് 20 ലക്ഷം കോവിഡ് കേസുകളും 54,000 മരണവും റിപ്പോർട്ട് ചെയ്യുമായിരുന്നുവെന്നു വിലയിരുത്തൽ. വിവിധ പഠനങ്ങളും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കും ഉദ്ധരിച്ചു കേന്ദ്ര സർക്കാരിന്റെ കോവിഡ് ശാക്തീകരണ സമിതിയുടേതാണു നിഗമനം.

ചികിത്സാമേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ലോക്ഡൗൺ ഗുണം ചെയ്തു. പരിശോധന കൂട്ടാനായതും ചികിത്സാ ഉപകരണം ലഭ്യമാക്കാൻ കഴിഞ്ഞതും നേട്ടമായി.

90% കേസുകൾ 10 സംസ്ഥാനത്ത്

രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ ഇനിയും വരുതിയിലാകാതെ 10 സംസ്ഥാനങ്ങളും 10 നഗരങ്ങളും. ആകെ രോഗികളിൽ 90% ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ബംഗാൾ, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ഇതിൽ തന്നെ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 80% കേസുകളും.

നഗരങ്ങളിൽ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ, പുണെ, ഇൻഡോർ, കൊൽക്കത്ത, ഹൈദരാബാദ്, ഔറംഗാബാദ് എന്നിവിടങ്ങളിലാണു പ്രശ്നം. ആകെ രോഗികളിൽ 70 % ഈ നഗരങ്ങളിലാണ്. മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നിവിടങ്ങളിൽ അതിരൂക്ഷമാണ്. ആകെ കേസിന്റെ 60 % ഈ 5 നഗരങ്ങളിൽനിന്ന്.

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ബംഗാൾ, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണു മരണനിരക്കിൽ മുന്നിലുള്ളത്. ആകെ മരങ്ങളിൽ 90 % ഇവിടെനിന്ന്. മുംബൈ, അഹമ്മദാബാദ്, പുണെ, ഡൽഹി, കൊൽക്കത്ത, ഇൻഡോർ, താനെ, ജയ്പുർ, ചെന്നൈ, സൂറത്ത് എന്നിവയാണു മരണസംഖ്യയിൽ മുന്നിലുള്ള നഗരങ്ങൾ. രാജ്യത്തെ 70 % മരണവും ഈ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്തവ.

English Summary: Green districts decreasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com