ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിത്തർക്കം പരിഹരിക്കാൻ നയതന്ത്ര, സേനാ തലങ്ങളിൽ ചർച്ചകൾ നടത്തി ഇന്ത്യയും ചൈനയും. സംഘർഷം രൂക്ഷമായ കിഴക്കൻ ലഡാക്ക്, വടക്കൻ സിക്കിം എന്നിവിടങ്ങളിലെ അതിർത്തി മേഖലകളിലേക്കു കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ അയച്ച് ഇരുരാജ്യങ്ങളും നിലപാടു കടുപ്പിച്ചതിനു പിന്നാലെയാണു പ്രശ്നപരിഹാരവഴി തേടിയുള്ള ചർച്ചകൾ ആരംഭിച്ചത്. ഇതിനിടെ ചൈനീസ് സേനാനീക്കത്തെ അപലപിച്ച് യുഎസ് രംഗത്തുവന്നതോടെ അതിർത്തിത്തർക്കം രാജ്യാന്തര തലത്തിലും ചർച്ചയായി. 

അതിർത്തിയിലെ കമാൻഡർമാർ തമ്മിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുകയാണു പതിവെങ്കിലും അതിൽ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണു നയതന്ത്രതലത്തിൽ ന്യൂഡൽഹിയിലും ബെയ്ജിങ്ങിലുമുള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണു ചർച്ചകൾ നടക്കുന്നത്. 

കിഴക്കൻ ലഡാക്കിലെ പാങ്ങ്യോങ് സോ തടാകത്തിന്റെ വടക്കൻ തീരം, ഗാൽവൻ താഴ്‍വര എന്നിവിടങ്ങളിൽ റോഡ് നിർമിച്ച ഇന്ത്യൻ നടപടി പ്രകോപനപരമായ നീക്കമാണെന്നാണു ചൈനയുടെ ആരോപണം.

 തങ്ങളുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയ ഇന്ത്യൻ സേനയാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടതെന്നും സേനാംഗങ്ങളെ പിൻവലിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

പൂർണമായി തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്താണ് ഇന്ത്യൻ സേന നിലയുറപ്പിച്ചിട്ടുള്ളതെന്നും അതിർത്തിയിൽ സേനയുടെ പട്രോളിങ് തടസ്സപ്പെടുത്തുന്നതു ചൈനയാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. അതിർത്തിത്തർക്കം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തിയിലെ തൽസ്ഥിതിയിൽ മാറ്റംവരുത്താൻ ചൈന നടത്തുന്ന കരുതിക്കൂട്ടിയുള്ള പ്രകോപന നീക്കങ്ങളെ പ്രതിരോധിക്കണമെന്നു തെക്ക്, മധ്യേഷ്യയിലേക്കുള്ള മുതിർന്ന യുഎസ് നയതന്ത്രജ്ഞ ആലിസ് ജി. വെൽസ് പറഞ്ഞു. 

ചൈനീസ് സേന സ്വന്തം രാജ്യത്തിന്റെ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ആലിസിന്റെ പരാമർശം അസംബന്ധമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജ്യൻ തിരിച്ചടിച്ചു.

നേപ്പാളിനെതിരെ ഇന്ത്യ

ഇന്ത്യൻ പ്രദേശത്തുള്ള ലിപുലേഖ് ചുരം, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിച്ച നേപ്പാൾ നടപടിക്കെതിരെ ഇന്ത്യ. ഏകപക്ഷീയ നടപടിയാണിതെന്നു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 

     നേപ്പാൾ ഭൂപടം ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ല. കൃത്രിമമായി ഭൂവിസ്തൃതി വർ‌ധിപ്പിക്കുന്നത് ഇന്ത്യ അംഗീകരിക്കില്ല. 

     അതിർത്തിത്തർക്കങ്ങൾ ഇന്ത്യയും നേപ്പാളുമായുള്ള ചർച്ചയിലൂടെ പരിഹരിക്കും. ചർച്ചയ്ക്കുള്ള അനുകൂല സാഹചര്യമൊരുക്കേണ്ട ഉത്തരവാദിത്തം നേപ്പാളിനാണ്. ഇപ്പോഴത്തെ തർക്കത്തിൽ ൈചനയുടെ കൈയുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com