ADVERTISEMENT

ന്യൂഡൽഹി∙ റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിൻ ടിക്കറ്റുകൾ ഇന്നു മുതൽ  നൽകുമെന്ന് മന്ത്രി പിയൂഷ് ഗോയൽ. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലൂടെയും 1.71 ലക്ഷം ജനസേവന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ലഭിക്കും. 

കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്നും ബിജെപി വക്താവ് സംബിത് പത്രയുമായുള്ള വിഡിയോ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.

ജൂൺ ഒന്നിന് ആരംഭിക്കുന്ന ട്രെയിനുകൾക്കുള്ള ബുക്കിങ് ഇന്നലെ രാവിലെ തുടങ്ങി ജൂൺ 10 മുതൽ മൺസൂൺ സമയക്രമത്തിലേക്കു മാറും. എസി കോച്ചുകളുമുണ്ടാകും. സ്റ്റോപ്പുകളും നിലവിലുള്ളതു തന്നെ.

30 ദിവസം മുൻപു വരെ ബുക്കു ചെയ്യാം. മുഴുവൻ റിസർവ്ഡ് കോച്ചുകളായതിനാൽ ജനറൽ കംപാർട്മെന്റിലും സെക്കൻഡ് സിറ്റിങ് നിരക്കും റിസർവേഷൻ നിരക്കുമുണ്ടാവും.

കൺഫേംഡ് ടിക്കറ്റ് ഉള്ളവർക്കു മാത്രമേ ട്രെയിനിൽ പ്രവേശനമുണ്ടാകൂ. സ്പെഷൽ എസി ട്രെയിനുകൾക്കുള്ള നിബന്ധനകളെല്ലാം ഇതിനും ബാധകമാണ്.

 കേരളത്തിനുള്ളത്

കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി, മുംബൈ– തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദ്ദീൻ – എറണാകുളം തുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനുള്ളത്.

എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ജൂൺ ഒന്നിന് ഓടിത്തുടങ്ങും. ഡൽഹിയിൽ നിന്നുള്ള മംഗള സർവീസ് തുടങ്ങുന്നത് ജൂ‍ൺ 4നാണ്. നിസാമുദ്ദീൻ – എറണാകുളം വീക്ക്‌ലി തുരന്തോ എക്സ്പ്രസ് ജൂൺ 6 മുതലും തിരിച്ചുള്ള ട്രെയിൻ ജൂൺ 9 മുതലും. ഇവയുടെ സമയവും ജൂൺ 10 മുതൽ മാറ്റമുണ്ടാകും.

തിരുവനന്തപുരം – കോഴിക്കോട് സർവീസ് (02076) ദിവസവും രാവിലെ 5.55നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.15നു കോഴിക്കോട് എത്തും. കോഴിക്കോട് – തിരുവനന്തപുരം സർവീസ് (02075) ഉച്ചയ്ക്ക് 1.45നു പുറപ്പെട്ട് രാത്രി 9.35നു തിരുവനന്തപുരത്ത് എത്തും. വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 3 എസി ചെയർകാർ, 16 സെക്കൻഡ് ക്ലാസ് ചെയർ കോച്ചുകൾ ട്രെയിനുകളിൽ ഉണ്ടാകും. ‌‌‌‌‌‌‌‌‌

തിരുവനന്തപുരം – കണ്ണൂർ ട്രെയിൻ (02082) ചൊവ്വ, ശനി ദിവസങ്ങളിൽ ഒഴികെ ഉച്ച തിരിഞ്ഞ് 2.45നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 12.20ന് കണ്ണൂരിൽ എത്തിച്ചേരും. കണ്ണൂർ– തിരുവനന്തപുരം (02081) ട്രെയിൻ ബുധൻ, ഞായർ ദിവസങ്ങളിൽ ഒഴികെ രാവിലെ 4.50നു യാത്ര തിരിച്ച് അന്ന് ഉച്ചയ്ക്ക് 2.25നു തിരുവനന്തപുരത്ത് എത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി സ്റ്റേഷനുകളിൽ നിർത്തും. 3 എസി ചെയർകാർ, 13 സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകൾ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com