ADVERTISEMENT

കൊൽക്കത്ത ∙ ഉംപുൻ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ ബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. 77 പേർ ബംഗാളിൽ മരിച്ചെന്നാണ് കണക്ക്.

കനത്ത നാശമുണ്ടായ തീരപ്രദേശങ്ങൾ ഹെലികോപ്റ്ററിൽ സഞ്ചരിച്ചു വിലയിരുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഗവർണർ ജഗ്ദീപ് ധൻകർ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി വടക്കൻ 24 പർഗാനാസ് ജില്ലയിൽ വ്യോമനിരീക്ഷണം നടത്തിയത്.

ഒഡീഷയുടെ തീരമേഖലകളിലും പ്രധാനമന്ത്രി നിരീക്ഷണം നടത്തി. മുഖ്യമന്ത്രി നവീൻ പട്നായിക്, ഗവർണർ ഗണേശി ലാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഒഡീഷയിൽ ഉംപുൻ കാരണം മരണമുണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നേരത്തെ, 2 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവയ്ക്ക് ഉംപുനുമായി ബന്ധമില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 45 ലക്ഷം പേരെ ബാധിച്ചിട്ടുണ്ട്. വൻ നാശനഷ്ടവുമുണ്ട്.

ബംഗാളിൽ തെക്ക്, വടക്ക് 24 പർഗാനാസ്, കിഴക്ക്, പടിഞ്ഞാറ് മിഡ്നാപുർ, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി ജില്ലകളിലാണ് ഉംപുൻ വൻ നാശമുണ്ടാക്കിയത്.

നാശനഷ്ടം സംബന്ധിച്ചു സമഗ്രമായ വിലയിരുത്തൽ നടത്തുമെന്നും പ്രധാനമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമാണുണ്ടായതെന്ന് മമത ബാനർജി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് 22 പ്രതിപക്ഷ കക്ഷികളുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

ബംഗ്ലദേശിൽ 22 പേർ മരിച്ചതായാണു വിവരം. 1100 കിലോമീറ്റർ റോഡും 200 പാലങ്ങളും തകർന്നു. 26 ജില്ലകളെ ബാധിച്ച ചുഴലിക്കാറ്റിൽ ആയിരം കോടിയോളം രൂപയുടെ നാശം കണക്കാക്കുന്നു. 

ഇതിനിടെ, ഉംപുൻ ശക്തി ക്ഷയിച്ച് ന്യൂനമർദമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ബംഗ്ലദേശിലേക്കും നീങ്ങി.

English Summary: Amphan Cyclone 1,000 crore compensation for Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com