ADVERTISEMENT

മുംബൈ, ചെന്നൈ, ബെംഗളൂരു ∙ സർക്കാർ ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ടു നിറഞ്ഞതിനാൽ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകൾ മഹാരാഷ്ട്ര സർക്കാർ ഏറ്റെടുത്തു. ഒാഗസ്റ്റ് 31 വരെ ഇവ സർക്കാർ നിയന്ത്രണത്തിലാകും. ഇവിടുത്തെ ചികിൽസാ നിരക്കും തീരുമാനിച്ചു. ശേഷിക്കുന്ന 20 % കിടക്കകളിലും ഒരേ നിലവാരത്തിലുള്ള ചികിൽസ നൽകണം. എന്നാൽ ഇതിന്റെ നിരക്ക് സ്വകാര്യ ആശുപത്രികൾക്കു തീരുമാനിക്കാം. ക്ലിനിക്കുകൾ തുറക്കാത്ത സ്വകാര്യ ഡോക്ടർമാർക്കു മുംബൈ കോർപറേഷൻ കാരണം കാണിക്കൽ നോട്ടിസ് നൽകി.

അതിനിടെ, മഹാരാഷ്ട്രയിൽ ഇൗ മാസം ഇതുവരെ മരിച്ചവർ 1058 ആയി. മൊത്തം മരണം 1517. ഇന്നലെ മാത്രം മരണം 63; രോഗികൾ 2940. ആകെ രോഗികൾ 44,582. കോവിഡ് ബാധിച്ചു മരിച്ച പൊലീസുകാർ 17 ആയി. 

തമിഴ്നാട്ടിൽ ഇന്നലെ 786 പേർക്കു കോവിഡ്; 4 മരണവും. ഇതോടെ രോഗികൾ 14,753 പേരായി. മരണം 98. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. തലസ്ഥാനമായ ചെന്നൈയിൽ രോഗികൾ 9364 ആയി ഉയർന്നു. 31 വരെ ആഭ്യന്തര വിമാന സർവീസ് നടത്തരുതെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി എടപ്പാടി പളനിസാമി കേന്ദ്രത്തിനു കത്തയച്ചു. ഈദ് നിസ്കാരത്തിനായി പെരുന്നാൾ ദിനം രാവിലെ 2 മണിക്കൂർ പള്ളികൾ തുറക്കാൻ അനുവദിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി. 

കർണാടകയിൽ കോവിഡ് ബാധിതര്‍ 1743. ഇന്നലെ രോഗം കണ്ടെത്തിയതിൽ 111 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. പുതിയ രോഗികളിൽ ഒരു വയസുകാരൻ ഉൾപ്പടെ 12 വയസ്സിനു താഴെയുള്ള 11 കുട്ടികൾ. അതിനിടെ, 55 വയസ്സുകാരനും 62 വയസ്സുകാരിയും രണ്ടിടങ്ങളിൽ പൊതുക്വാറന്റീനിൽ ജീവനൊടുക്കി.

നവജാത ഇരട്ടകൾക്ക് കോവിഡ്

മെഹ്സാന (ഗുജറാത്ത്) ∙ നവജാത ഇരട്ടക്കുട്ടികൾക്കു കോവിഡ്. വട്നഗർ സിവിൽ ആശുപത്രിയിൽ ഒരാഴ്ച മുൻപു പിറന്ന കുരുന്നുകളിൽ ആൺകുഞ്ഞിനു 18നും പെൺകുഞ്ഞിന് ഇന്നലെയുമാണു കോവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞുങ്ങളുടെ ആരോഗ്യനില ഭദ്രമാണെന്ന് അധികൃതർ അറിയിച്ചു. കോവിഡ് രോഗിയായ മാതാവാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

English Summary: Covid Maharashtra update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com