ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ അധികാരം പ്രധാനമന്ത്രിയുടെ ഓഫിസ് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജനാധിപത്യ നടപടികളെല്ലാം കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 

കോവിഡുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും അതിഥിത്തൊഴിലാളികളുടെ ദുരിതം ചർച്ച ചെയ്യാനും കോൺഗ്രസിന്റെ നേതൃത്വത്തിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. 

കോൺഗ്രസ് അടക്കം 22 കക്ഷികൾ പങ്കെടുത്തു. മായാവതി (ബിഎസ്പി), അഖിലേഷ് യാദവ് (എസ്പി), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി) എന്നിവർ വിട്ടുനിന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന സർക്കാർ വന്യമായ സാഹസത്തിന് ഇറങ്ങിയിരിക്കുകയാണെന്നു സോണിയ വിമർശിച്ചു. കോവിഡിനു മുൻപു തന്നെ രാജ്യത്തെ സാമ്പത്തിക മേഖല അവതാളത്തിലായിരുന്നു. കോവിഡിനെതിരായ യുദ്ധം 21 ദിവസത്തിനകം അവസാനിക്കുമെന്ന് മുൻകൂർ പ്രഖ്യാപിച്ച് ലോക്ഡൗൺ ഏർപ്പെടുത്തിയ മോദിയുടെ കണക്കുകൂട്ടൽ പാളി.

ലോക്ഡൗൺ മൂലം ദുരിതത്തിലായവരെ സഹായിക്കാൻ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് കോൺഗ്രസ് എംപി: രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോവിഡിനെ നേരിടാൻ സംസ്ഥാനങ്ങൾക്ക് ആവശ്യമായ പണമില്ലെന്നും പ്രതിപക്ഷ കക്ഷികൾക്കൊപ്പം താൻ ഉറച്ചു നിൽക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (തൃണമൂൽ) പറഞ്ഞു.

കർഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം  ചെലുത്തണമെന്ന്  ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

റബർ ഉൾപ്പടെ തനത് വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കണം. എല്ലാ കുടുംബങ്ങൾക്കും 3 മാസം 10000 രൂപ വീതവും സൗജന്യ ഭക്ഷ്യ ധാന്യവും നൽകാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

7500 രൂപ വേതനം നൽകണം

നിർധനർക്ക് 6 മാസത്തേക്ക് 7500 രൂപ വീതം അനുവദിക്കുക, പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽദിനങ്ങൾ 200 ആക്കുക, അതിഥിത്തൊഴിലാളികൾക്കു വീടുകളിലെത്താൻ സൗജന്യ യാത്രയൊരുക്കുക, കോവി‍ഡ് പരിശോധനകളുടെ എണ്ണം ഉയർത്തുക തുടങ്ങിയ 11 ആവശ്യങ്ങൾ പ്രതിപക്ഷം സർക്കാരിനു മുന്നിൽ വച്ചു.

English Summary: Sonia Gandhi against Narendra Modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com