ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ലിപുലേഖ് ചുരം വരെ റോഡ് നിർമിച്ചതിൽ ഇന്ത്യയും നേപ്പാളും തമ്മിൽ അസ്വാരസ്യം പുകയുന്നു. കൈലാസ യാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച് അതിർത്തിയിലേക്ക് ഇന്ത്യ റോഡ് നിർമിച്ചതിലുള്ള നേപ്പാളിന്റെ പ്രതിഷേധത്തിനു പിന്നിൽ മറ്റാരെങ്കിലും ആകാമെന്ന കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പരാമർശത്തിനെതിരെ നേപ്പാൾ പ്രതിരോധ മന്ത്രി ഈശ്വർ പൊഖ്‌റേൽ രംഗത്തുവന്നു.

നേപ്പാളിനെ അപമാനിക്കുന്ന പരാമർശമാണതെന്നു പൊഖ്റേൽ ആരോപിച്ചു. നേപ്പാളിന്റെ ചരിത്രവും സ്വാതന്ത്ര്യവും അവഗണിച്ചുള്ള പരാമർശം ഇന്ത്യൻ സേനയിലെ നേപ്പാൾ ഗൂർഖകളുടെ വികാരം വ്രണപ്പെടുത്തുമെന്നും പൊഖ്റേൽ പറഞ്ഞു. ചൈനയെ ഉദ്ദേശിച്ചായിരുന്നു ജനറൽ നരവനെയുടെ ഒളിയമ്പ്.

ഇന്ത്യൻ സേനാ മേധാവിക്കെതിരെ നേപ്പാൾ പ്രതിരോധ മന്ത്രി രംഗത്തുവന്നത് ഇരു രാജ്യങ്ങളും തമ്മിലെ സേനാ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കും. സേനകൾ തമ്മിൽ കരസേനാ മേധാവിയുടെ റാങ്ക് പരസ്പര ബഹുമാനാർഥം കൈമാറുന്ന രീതി നിലവിലുണ്ട്.

ഇതുപ്രകാരം ജനറൽ നരവനെ നേപ്പാൾ കരസേനയുടെ ഓണററി ജനറൽ പദവി വഹിക്കുന്നു; നേപ്പാൾ സേനാ മേധാവി ജനറൽ പൂർണചന്ദ്ര ഥാപ്പ ഇന്ത്യൻ സേനയുടേതും. ഇന്ത്യൻ സേനയിലെ 7 ഗൂർഖാ റജിമെന്റുകളിൽ നേപ്പാളിൽ നിന്നുള്ളവരെയും റിക്രൂട്ട് ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com