ADVERTISEMENT

ന്യൂഡൽഹി ∙ സംഘർഷം രമ്യമായി പരിഹരിക്കാൻ നയതന്ത്രതലത്തിൽ ചർച്ചകൾ തുടരുമ്പോഴും അതിർത്തിയിൽ മുഖാമുഖം നിലയുറപ്പിച്ച് ഇന്ത്യ – ചൈന സേനകൾ. കരസേനാ മേധാവി ജനറൽ എം.എം. നരവനെ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ചു.

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നു നരവനെ വ്യക്തമാക്കി. കശ്മീരിലെ ലഡാക്കിൽ ഇന്ത്യ – ചൈന അതിർത്തി സുരക്ഷാ ചുമതലയുള്ള ലേ സേനാതാവളം കഴിഞ്ഞ ദിവസം അദ്ദേഹം സന്ദർശിച്ചിരുന്നു.

ഇതിനിടെ, ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. അതിർത്തിയിൽ കൂടുതൽ സൈനികരെ പാർപ്പിക്കാൻ ചൈന 80 ടെന്റുകൾ നിർമിച്ചതിന്റെയും സേനാവാഹനങ്ങൾ അവിടേക്കു നീങ്ങുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്.
പരമാധികാരമുള്ള പ്രദേശങ്ങളിലെ റോഡ് നിർമാണം ചൈനയുടെ സമ്മർദത്തിനു വഴങ്ങി നിർത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ദീർഘനാൾ നീളാവുന്ന സംഘർഷം മുന്നിൽക്കണ്ടുള്ള തയാറെടുപ്പിലാണു സേന.

ഡ്രോണുമായി ചൈന

അതിർത്തി മേഖലകൾ നിരീക്ഷിക്കുന്നതിനു ഹെലികോപ്റ്ററിന്റെ മാതൃകയിലുള്ള ഡ്രോണുകൾ (എആർ 500 സി) ചൈന രംഗത്തിറക്കിയേക്കുമെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകൾ കഴിഞ്ഞ ദിവസം ചൈന വിജയകരമായി പരീക്ഷിച്ചു. ആക്രമിക്കാനും അവയ്ക്കു സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com