ADVERTISEMENT

മുംബൈ,ചെന്നൈ, ബെംഗളൂരു∙ 11 ദിവസത്തിനിടെ കോവിഡ് രോഗികൾ ഇരട്ടിയായതോടെ കേരളത്തിന്റെ സഹായം അഭ്യർഥിച്ച് മഹാരാഷ്ട്ര.  50 വിദഗ്ധ ഡോക്ടർമാരുടെയും 100 നഴ്സുമാരുടെയും സേവനം അഭ്യർഥിച്ച്  മന്ത്രി കെ.കെ. ശൈലജയ്ക്ക് മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് കത്തെഴുതിയത്. എംബിബിഎസ് ഡോക്ടർക്ക് 80,000 രൂപ, എംഡി/എംഎസ് ഡോക്ടർക്ക് 2 ലക്ഷം രൂപ, പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്ക് 30,000 രൂപ എന്ന നിരക്കിൽ ശമ്പളവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

2436 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ  മഹാരാഷ്ട്രയിലെ ആകെ രോഗികൾ 52,667. ഇവരിൽ  31,972 പേരും മുംബൈയിൽ നിന്ന്. 60 പേർ കൂടി മരിച്ചതോടെ മരണം 1695. ഈ മാസമാണ് 1236 പേരും മരിച്ചത്. മുംബൈയിൽ ഒരു പൊലീസുകാരൻ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ചു മരിച്ചത് 18 പൊലീസുകാർ‌. മുംബൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെ 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്കും കോവിഡ്. 

തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒറ്റദിവസം 800 കടന്നു. കേരളത്തിൽ നിന്നെത്തിയ 2 പേർക്ക് ഉൾപ്പെടെ 805 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 7 പേർ മരിച്ചതോടെ ആകെ മരണം 118.  ചെന്നൈയിൽ ‍ രോഗികളുടെ എണ്ണം 10,000 കടന്നു. ഇന്നലെ സ്ഥിരീകരിച്ചത് 549 പേർക്ക്. ആകെ രോഗികൾ 11,835. പുതുച്ചേരിയിൽ പ്രത്യേക കൊറോണ ഫീ ചുമത്തി മദ്യവിൽപന പുനരാരംഭിച്ചു. 

93 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിലെ കോവിഡ് ബാധിതർ 2182.രണ്ടു പേർ കൂടി മരിച്ചതോടെ മരണം 44.  ഇന്നലെ സ്ഥിരീകരിച്ചവരിൽ 73 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. 3 പേർ വിദേശത്തു നിന്നും. മഹാരാഷ്ട്രയിൽ നിന്നെത്തിയ 53 വയസുകാരൻ ചിക്കമഗളൂരുവിൽ  പൊതു ക്വാറന്റീനിൽ കഴിയവെ തൂങ്ങി മരിച്ച നിലയിൽ. പൊലീസുകാർക്കു കോവി‍‍ഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും 4 പൊലീസ് സ്റ്റേഷനുകൾ അടച്ചു.

മഹാരാഷ്ട്ര മന്ത്രി അശോക് ചവാനും കോവിഡ് 

മുംബൈ ∙ മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്കു കൂടി കോവിഡ്. മരാമത്ത് മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ കോൺഗ്രസ് നേതാവ് അശോക് ചവാനാണു (61) രോഗം സ്ഥിരീകരിച്ചത്. ഭവനമന്ത്രി ജിതേന്ദ്ര ആവാഡിനു പിന്നാലെ രാജ്യത്ത് കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രി. 

കാർ ഡ്രൈവറുമായുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ചവാനെ മറാഠ്‌വാഡ നാന്ദേഡിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ മുംബൈയിലേക്കു മാറ്റി. നടൻ കിരൺ കുമാറിന് (75) പതിവു മെഡിക്കൽ പരിശോധനയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എൻസിപി നേതാവായ മന്ത്രി ജിതേന്ദ്ര ആവാഡ് ഒരാഴ്ച മുൻപാണു കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com