ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും ശ്രമിക് ട്രെയിൻ, രോഗികളുടെ എണ്ണം, പരിശോധനയുടെ തോത് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രവും കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും വാക്പോരു തുടരുന്നു. രോഗികളുടെ എണ്ണത്തെച്ചൊല്ലി ബംഗാളുമായി തർക്കിച്ച കേന്ദ്രം ഇപ്പോൾ കേരളത്തെയും ഉന്നംവയ്ക്കുന്നു.

ശ്രമിക് ട്രെയിൻ വിഷയത്തിൽ ബംഗാൾ, മഹാരാഷ്ട്ര, ബിഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുമായി കേന്ദ്രം ഇടഞ്ഞിരുന്നു. അതിഥിത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാത്തതിന‌ു കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമർശിച്ചു. യാത്രാച്ചെലവിനെച്ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളുമായി മാത്രമല്ല, സംസ്ഥാനങ്ങൾ തമ്മിലും തർക്കമുണ്ടായി. എന്നാൽ യാത്രയും ഭക്ഷണവും താമസവും സൗജന്യമായിരിക്കണമെന്നാണു കോടതി നിർദേശിച്ചത്.

ബംഗാളിനു പിന്നാലെ ഇപ്പോൾ കേരളത്തിന്റെ കണക്കുകളെയും കേന്ദ്രം ചോദ്യം ചെയ്യുന്നു. എന്നാൽ ഗുജറാത്തിലെ സ്ഥിതി മോശമായി തുടരുന്നതിനെക്കുറിച്ചു കേന്ദ്രവും ബിജെപിയും മൗനം പാലിക്കുന്നു. സംസ്ഥാന ഭരണകൂടത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചിരുന്നു.

അതിഥിത്തൊഴിലാളികളുടെ ട്രെയിനിന് അനുമതി നൽകാൻ ബംഗാളും മറ്റും തയാറാകാത്ത സ്ഥിതിയിലാണു സംസ്ഥാന അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്. കോവിഡ് പ്രതിരോധ നടപടികളെ ഇതു ബാധിക്കുമെന്ന കേരളത്തിന്റെ പരാതി പക്ഷേ, റെയിൽവേ മന്ത്രി ഗൗരവമായി എടുത്തിട്ടില്ല.

കേന്ദ്രത്തിന്റെ വീഴ്ചകൾക്കു സുപ്രീം കോടതി വേണ്ട ഗൗരവം കൽപിക്കുന്നില്ലെന്നു മുൻ ജഡ്ജിമാർ പോലും വിമർശനമുന്നയിച്ചിരുന്നു. പി.ചിദംബരം, കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, വികാസ് സിങ് തുടങ്ങി ഏതാനും മുതിർന്ന അഭിഭാഷകർ അതിഥിത്തൊഴിലാളികളുടെ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനു കത്തെഴുതിയ ശേഷമാണു കോടതി കേസെടുത്തതെന്നു പറയപ്പെടുന്നു. 

എന്നാൽ, കേരളത്തിലേതുൾപ്പെടെ പല ഹൈക്കോടതികളും കോവിഡ് വിഷയങ്ങളിൽ സജീവമായി ഇടപെട്ടു.

അതിഥിത്തൊഴിലാളികളുടേത് ഉൾപ്പെടെ പല വിഷയങ്ങളിലും സംസ്ഥാനങ്ങളുമായുള്ള ഏകോപനത്തിൽ ആഭ്യന്തര മന്ത്രാലയത്തിനു പിഴവുണ്ടായെന്നു സർക്കാരിൽത്തന്നെ വിമർശനമുണ്ട്.

അവശ്യസേവന രംഗത്ത് പരിശോധനാ മാർഗനിർദേശം

ന്യൂഡൽഹി ∙ അവശ്യസേവന രംഗത്തുള്ളവർ പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള സെക്യൂരിറ്റി ജീവനക്കാർ, ഫാർമസിസ്റ്റുകൾ, വിമാനത്താവള ജീവനക്കാർ, അതിർത്തി ചെക്പോസ്റ്റ് ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ബസ് ഡ്രൈവർമാർ തുടങ്ങിയവർക്കാണു നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com